മയക്കുമരുന്ന് കടത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി
ഈ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു.
റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് ഗുളിക കടത്തിയ സൗദി പൗരനെതിരെ കോടതി വിധിച്ച വധശിക്ഷ നടപ്പാക്കി. സുൽത്താൻ ബിൻ സമിഹാൻ ബിൻ അലി അൽഅത്വവി എന്ന പൗരനെയാണ് രാജ്യത്തേക്ക് ആംഫെറ്റാമൈൻ ഗുളികകൾ കടത്തിയതിന് തബൂക്ക് മേഖലയിൽ ചൊവ്വാഴ്‌ച ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയമാക്കിയത്.
സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്‍റെ ഫലമായി പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ കഴിഞ്ഞു. ശേഷം കോടതിയിലേക്ക് റഫർ ചെയ്തു. കോടതി വധശിക്ഷ പുറപ്പെടുവിച്ചു. ഈ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശരീഅത്ത് നിയമം അനുസരിച്ച് തീരുമാനിച്ചത് വിധി നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം