പിഴയും തടവും നാടുകടത്തലും; ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി
മക്ക, ഹറം പരിസരം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, സോർട്ടിങ് സെൻററുകൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർ ശിക്ഷ നടപടികൾക്ക് വിധേയമാകേണ്ടിവരും.
റിയാദ്: ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി. ജൂൺ രണ്ട് മുതൽ ജൂൺ 20 വ്യാഴാഴ്ച വരെ ഹജ്ജ് അനുമതി പത്രമില്ലാതെ പിടിക്കപ്പെടുന്നവർക്ക് പിഴ ബാധകമാകുമെന്ന് പൊതു സുരക്ഷ വിഭാഗം വ്യക്തമാക്കി. മക്ക, ഹറം പരിസരം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, സോർട്ടിങ് സെൻററുകൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർ ശിക്ഷ നടപടികൾക്ക് വിധേയമാകേണ്ടിവരും.
ഇവിടെങ്ങളിൽ വെച്ച് പിടിക്കപ്പെടുന്ന ഏതൊരു പൗരനും താമസക്കാരനും സന്ദർശകനും എതിരെ 10,000 റിയാൽ പിഴയുണ്ടാകും. നിയമം ലംഘിക്കുന്നവർ താമസക്കാരാണെങ്കിൽ അവരെ നാടുകടത്തുകയും നിയമപരമായി നിർദ്ദിഷ്‌ട കാലയളവുകൾക്കനുസരിച്ച് സൗദിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യും. ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ സാമ്പത്തിക പിഴ ഇരട്ടിയാകുമെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു.
Read Also - ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത
തീർഥാടകർക്ക് അവരുടെ കർമങ്ങൾ ആശ്വാസത്തോടും സമാധാനത്തോടെയും അനുഷ്ഠിക്കാൻ എല്ലാവരും ഹജ്ജിന്റെ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു. ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവരെയും പെർമിറ്റ് ഇല്ലാത്തവരെയും മക്കയിലേക്കാൻ കടത്താൻ ശ്രമിക്കുന്നവർ പിടിക്കപ്പെട്ടാൽ ആറ് മാസം വരെ തടവും 50000 റിയാൽ വരെ പിഴയുണ്ടാകുമെന്ന് പൊതുസുരക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി പ്രകാരം അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും വിദേശിയാണെങ്കിൽ നിശ്ചിത കാലയളവ് സൗദിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം