മകളുടെ ചികിത്സയ്ക്ക് കര്‍ഫ്യൂ പെര്‍മിറ്റ് തേടി; അപ്രതീക്ഷിത സഹായം നല്‍കി സൗദിയുടെ കരുതല്‍
ഹസന്റെ മകള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായാണ് റിയാദിലെ ആശുപത്രിയിലേക്ക് പോകേണ്ടിയിരുന്നത്.
റിയാദ്: മകളുടെ തുടര്‍ ചികിത്സയ്ക്കായി റിയാദിലെ ആശുപത്രിയിലേക്ക് പോകുന്നതിന് കര്‍ഫ്യൂ പെര്‍മിറ്റ് തേടിയ പൗരന് അപ്രതീക്ഷിത സഹായം നല്‍കി സൗദി ആരോഗ്യമന്ത്രാലയം. അസീര്‍ നിവാസിയായ സൗദി പൗരനാണ് കര്‍ഫ്യൂ പെര്‍മിറ്റിനായി ആരോഗ്യമന്ത്രാലയത്തെ സമീപിച്ചത്.
മകള്‍ ഇബ്തിഹാലിനെ പരിശോധനയ്ക്കായി റിയാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് കര്‍ഫ്യൂ പെര്‍മിറ്റ് അനുവദിക്കുകയോ അല്ലെങ്കില്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ നിന്ന് ലഭിച്ച അപ്പോയിന്‍മെന്റ് നീട്ടിവെക്കാന്‍ ഇടപെടുകയോ ചെയ്യണമെന്നായിരുന്നു സൗദി പൗരന്‍ ഹസന്‍ ഖബ്‌റാനി ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഹസന്റെ മകള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായാണ് റിയാദിലെ ആശുപത്രിയിലേക്ക് പോകേണ്ടിയിരുന്നത്.
മകളുടെ വിവരങ്ങള്‍ അന്വേഷിച്ച് സൗദി ആരോഗ്യമന്ത്രാലയം മണിക്കൂറുകള്‍ക്കകം ഹസനുമായി ബന്ധപ്പെട്ട് പ്രത്യേക വിമാനത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ റിയാദിലേക്ക് പോകാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇവര്‍ക്കായി ശനിയാഴ്ച ആരോഗ്യമന്ത്രാലയം പ്രത്യേക വിമാനം അയച്ചു. വീട്ടില്‍ നിന്ന് ആംബുലന്‍സിലാണ് ഇവരെ അബഹ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. യാത്രയ്ക്ക് മുമ്പായി ഇവരെ കൊവിഡ് പരിശോധനയ്ക്കും വിധേയരാക്കി. ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം മടക്കയാത്രയ്ക്കും ആരോഗ്യമന്ത്രാലയം ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.