സൗദി അറേബ്യയില്‍ വാഹന റിപ്പയറിങ് രംഗത്തെ 15 ജോലികൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു
വാണിജ്യ മേഖലകളിലെ തൊഴിലാളികൾക്ക് പ്രഫഷനൽ ലൈസൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന അവബോധം വളർത്തുന്നതിന് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണിത്.
റിയാദ്: സൗദി അറേബ്യയില്‍ വാഹന റിപ്പയറിങ് മേഖലയിലെ 15 ജോലികൾക്ക് 2023 ജൂൺ മുതൽ തൊഴിൽ ലൈസൻസ് നിർബന്ധമാക്കുന്നു. കാർ റിപ്പയറിങ് മേഖലയിൽ സാങ്കേതിക വൈദഗ്ധ്യം തെളിയിക്കുന്ന ലൈസൻസ് ആവശ്യമുള്ള തസ്‍തികകൾ ഏതൊക്കെയെന്ന് മുനിസിപ്പൽ - ഗ്രാമീണകാര്യ - ഭവന മന്ത്രാലയം വ്യക്തമാക്കി. ജൂൺ ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ തൊഴിൽ ചെയ്യാൻ പാടില്ല.
റേഡിയേറ്റർ ടെക്നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഫിറ്റർ, വാഹന മെക്കാനിക്ക്, എൻജിൻ ട്യൂണിങ് ടെക്നീഷ്യൻ, ഓട്ടോമോട്ടീവ് ഇൻസ്‍പെക്ഷൻ ടെക്നീഷ്യൻ, ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ് ടെക്നീഷ്യൻ, വാഹന ഇലക്ട്രീഷ്യൻ, ബ്രേക്ക് മെക്കാനിക്ക്, ബോഡി വർക്കർ, വെഹിക്കിൾ അപ്ഹോൾസ്റ്ററി, വെഹിക്കിൾ ബോഡി പ്ലംബർ, വെഹിക്കിൾ എയർകണ്ടീഷണർ മെക്കാനിക്ക്, തെർമൽ ഇൻസുലേഷൻ ടെക്നീഷ്യൻ, വാഹനത്തിന്റെ പെയിന്റർ, വാഹന ലൂബ്രിക്കൻറ് ടെക്നീഷ്യൻ എന്നീ തൊഴിലുകൾക്കാണ് ലൈസൻസ് നിർബന്ധം.
വാണിജ്യ മേഖലകളിലെ തൊഴിലാളികൾക്ക് പ്രഫഷനൽ ലൈസൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന അവബോധം വളർത്തുന്നതിന് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണിത്. വിദഗ്ധ തൊഴിലുകൾ പരിശീലിക്കുന്നതിനും അത്തരം സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളിൽ ഒന്നായാണ് തൊഴിൽ ലൈസൻസ് നിശ്ചയിച്ചിരിക്കുന്നത്. ഇത് സ്വകാര്യ മേഖലയെ സജീവമാക്കുകയും ശാക്തീകരിക്കുകയും നിക്ഷേപകരുടെ ജോലി സുഗമമാക്കുകയും ചെയ്യും.
ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സംഭാവന ചെയ്യും. ലൈസൻസുള്ള വിദഗ്ധ തൊഴിലാളികളുമായിട്ടാണ് ഇടപാടുകൾ നടത്തേണ്ടതെന്നും ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഗുണഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. നൽകുന്ന സേവനത്തിന്റെ ഗുണനിലവാരവും അപകടങ്ങൾ ഉണ്ടാകുമ്പോൾ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരവും ഇത് ഉറപ്പാക്കും. തൊഴിൽ ലൈസൻസിനായി നിശ്ചയിച്ച ലിങ്കിലൂടെ പ്രവേശിച്ചാൽ ലളിതവും എളുപ്പവുമായ ഘട്ടങ്ങളിലൂടെ ലൈസൻസ് നേടാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.
Read also: ജിദ്ദ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ ന്യൂമോണിയ ബാധിച്ച് മരിച്ചു