തൊട്ടും തലോടിയും മഴയെത്തി, പച്ചപ്പിന്റെ പുത്തനുടുപ്പണിഞ്ഞ് സൗദി അറേബ്യ
സൗദിയുടെ അൽ-ഹനകിയ, റഫ ഗവർണറേറ്റുകളാണ് പ്രധാനമായും പച്ചപ്പണിഞ്ഞ് നിൽക്കുന്നത്
![Saudi Arabia is covered in green with a sudden rain Saudi Arabia is covered in green with a sudden rain](https://static-gi.asianetnews.com/images/01jkn020wxjf7wg57jfwkp7wm6/hanakiya--1-_363x203xt.jpg)
റിയാദ് : രാജ്യത്ത് കാലാനുസൃതമായി പെയ്തിറങ്ങിയ മഴയിൽ വരണ്ട പ്രദേശങ്ങളിൽ പുൽനാമ്പുകളും സസ്യജാലങ്ങളും വളർന്നു തുടങ്ങി. സൗദിയുടെ അൽ-ഹനകിയ, റഫ ഗവർണറേറ്റുകളാണ് പ്രധാനമായും പച്ചപ്പണിഞ്ഞ് നിൽക്കുന്നത്. കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഇവിടം വിനോദ സഞ്ചാരികളെ മാടി വിളിക്കുകയും കന്നുകാലികൾക്ക് മേയാൻ ഇടം ഒരുക്കുകയുമാണ്. മദീനയുടെ പടിഞ്ഞാറൻ മേഖലയായ അൽ-ഹനകിയ ഗവർണറേറ്റിൽ കുന്നുകളും സമതല പ്രദേശങ്ങളും ഒരുപോലെ പച്ച പിടിച്ചിരിക്കുകയാണ്. ഇവിടെ പ്രധാനമായും ഒട്ടകങ്ങളാണ് മേഞ്ഞ് നടക്കുന്നത്.
വടക്കൻ അതിർത്തി മേഖലയിലെ റഫ ഗവർണറേറ്റിന് തെക്ക് ഭാഗത്തുള്ള സുബാലയാണ് കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ ഒരുക്കിയിരിക്കുന്ന മറ്റൊരു സ്ഥലം. ചരിത്ര പ്രാധാനം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നമായ ഇവിടേക്ക് നിരവധി സന്ദർശകരാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്. കൂടാതെ, ആടുകളെ വളർത്തുന്നവർക്ക് മേച്ചിൽപ്പുറങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. പൊതുവേ വരണ്ട ഈ പ്രദേശങ്ങൾക്ക് പുതു ജീവൻ വെച്ചതോടെ വിശ്രമിക്കാനും വിവിധതരം ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കുമായി നിരവധി സന്ദർശകരാണ് എത്തുന്നത്.