നിയമലംഘനം; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 14,631 വിദേശികള്‍
അറസ്റ്റിലായവരില്‍ 8,756 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,007 പേരെ പിടികൂടിയത്. 1,868 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി.
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 14,631 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 11 മുതല്‍ ഓഗസ്റ്റ് 17 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ 8,756 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,007 പേരെ പിടികൂടിയത്. 1,868 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 224 പേര്‍. ഇവരില്‍ 26 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 51 ശതമാനം പേര്‍ എത്യോപ്യക്കാരും 13 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
Read also: പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിനെ അടിച്ചുവീഴ്‍ത്തിയത് വിനയായി; യുഎഇയില്‍ പ്രവാസി ജയിലില്‍
സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 33 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 23 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തം 48,951 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്, അതില്‍ 45,955 പുരുഷന്മാരും 2,996 സ്ത്രീകളുമാണ്. 38,184 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിനും അവരുടെ വിമാന ടിക്കറ്റ് നടപടികള്‍ക്കുമായി അവരുടെ നയതന്ത്ര ഓഫീസിലേക്ക് റഫര്‍ ചെയ്തു. 13,711 നിയമലംഘകരെ നാടുകടത്തി.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.