സൗദിയിൽ കര്‍ശന നിബന്ധനകളോടെ പള്ളികള്‍ തുറക്കുന്നു; നിര്‍ദേശങ്ങള്‍ ഇങ്ങനെ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പള്ളികളിൽ ജുമുഅ, ജമാഅത് നമസ്‌കാരങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ് മെയ് 31 ഓടെ അവസാനിക്കുന്നത്.
റിയാദ്: സൗദിയിൽ മക്ക ഒഴികെയുള്ള പള്ളികളിൽ മേയ് 31 മുതൽ ജുമുഅ, ജമാഅത് നമസ്‌കാരങ്ങൾ തുടങ്ങും. നമസ്‍കരിക്കുന്നവർ പരസ്‍പരം രണ്ടു മീറ്റർ അകലം പാലിക്കണമെന്നും 15 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ പള്ളികളിൽ കൊണ്ടുവരരുതെന്നും ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പള്ളികളിൽ ജുമുഅ, ജമാഅത് നമസ്‌കാരങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ് മെയ് 31 ഓടെ അവസാനിക്കുന്നത്. ഞായറാഴ്ച മുതൽ മക്ക ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ, ജമാഅത് നമസ്‌കാരങ്ങൾക്ക് നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. നമസ്‍കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതിന് 15 മിനിറ്റ് മുൻപ് പള്ളി തുറക്കണം. നമസ്‍കാരം കഴിഞ്ഞ് 10 മിനിറ്റിന് ശേഷം പള്ളി അടയ്ക്കുകയും വേണം.
നമസ്‍കരിക്കാനെത്തുന്നവർ മാസ്‌ക് ധരിക്കാനും സ്വന്തമായി മുസല്ല കൊണ്ടുവരാനും ഇമാമാര്‍ ഉപദേശിക്കണമെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 15 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ പള്ളിയിൽ കൊണ്ടുവരാൻ പാടില്ല. പരസ്‍പരം രണ്ടുമീറ്റർ അകലം പാലിക്കണം. പള്ളികളുടെ വാതിലുകളും ജനാലകളും തുറന്നിടണം. പള്ളിയിൽ ഭക്ഷണമോ കുടിവെള്ളമോ നല്‍കാന്‍ സൗകര്യമോ പാടില്ല. മുസ്‍ഹഫുകളും പുസ്കങ്ങളും മാറ്റി വെയ്ക്കണം. രണ്ട് സ്വഫുകള്‍ക്കിടയില്‍ ഒരു സ്വഫ് ഒഴിച്ചിടണം. ടോയ്‍ലറ്റുകളും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും അടച്ചിടണം തുടങ്ങിയ നിബന്ധനകളോടെയാണ് പള്ളികളിൽ നമസ്കാരത്തിന് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
ജുമുഅ നമസ്‍കാരത്തിന് ജനത്തിരക്ക് കുറയ്ക്കാന്‍ സമീപത്തുള്ള, ഇതുവരെ ജുമുഅ ഇല്ലാത്ത പള്ളികളിലും ജുമുഅ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജുമുഅയുടെ ആദ്യ ബാങ്ക് നമസ്‍കാര സമയത്തിന് 20 മിനിറ്റ് മുമ്പായിരിക്കണം. ജുമുഅ തുടങ്ങുന്നതിന് 20 മിനിറ്റ് മുമ്പ് പള്ളി തുറക്കാം. നമസ്‍കാരം പൂര്‍ത്തിയായി 20 മിനിറ്റുകള്‍ക്ക് ശേഷം അടയ്ക്കണം. പ്രസംഗം 15 മിനിറ്റിലധികം ദീര്‍ഘിപ്പിക്കരുതെന്നും അറിയിച്ചിട്ടുണ്ട്.