യെമന് 50 കോടി ഡോളറിന്‍റെ കൂടി സഹായവുമായി സൗദി അറേബ്യ
യെമന് സൗദി അറേബ്യയുടെ സഹായം. 50 കോടി ഡോളർ സഹായം നൽകി.
റിയാദ്: ആഭ്യന്തര സംഘർഷങ്ങളുടെ കെടുതി അനുഭവിക്കുന്ന യെമന് 500 ദശലക്ഷം (50 കോടി) ഡോളർ കൂടി സഹായമായി നൽകി സൗദി അറേബ്യ. യെമൻ ഗവൺമെൻറിന്‍റെ ബജറ്റ് ശക്തിപ്പെടുത്തുന്നതിനും യെമൻ സെൻട്രൽ ബാങ്കിനെ പിന്തുണയ്ക്കുന്നതിനുമാണിത്. ദുരിതം നേരിടുന്ന ജനതയുടെ പുനരധിവാസത്തിനും രാജ്യത്തിെൻറ സുസ്ഥിരതക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ ഗവൺമെൻറിനെ ശക്തിപ്പെടുത്തുക എന്ന സൗദി അറേബ്യയുടെ വിശാല താൽപര്യത്തിെൻറ ഭാഗമായാണ് ഈ സഹായം.
ഇതിൽ 300 ദശലക്ഷം ഡോളർ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി യെമൻ സെൻട്രൽ ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. യെമൻ ബജറ്റ് കമ്മി പരിഹരിക്കുന്നതിന് ബാക്കി 200 ദശലക്ഷം ഡോളറും. രാജ്യത്തെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും ശമ്പളം, മറ്റ് വേതനങ്ങൾ, പ്രവർത്തന ചെലവുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക പരിഷ്കരണ പരിപാടി നടപ്പാക്കുന്നതിൽ സർക്കാരിനെ സഹായിക്കുന്നതിനുള്ളതാണ് ഈ സഹായം. യെമനിനായുള്ള സൗദി വികസന, പുനർനിർമാണ പരിപാടിയിലൂടെയാണ് ഇത് നൽകുന്നത്.
Read Also - സൗദി അറേബ്യയിൽ റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ പകുതിയായി കുറഞ്ഞു; വെളിപ്പെടുത്തി ട്രാഫിക് വകുപ്പ്
യെമനിൽ സാമ്പത്തിക സ്ഥിരതയുടെ അടിത്തറ സ്ഥാപിക്കുക, പൊതുസാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുക, സർക്കാർ സ്ഥാപനങ്ങളുടെ ശേഷി വികസിപ്പിക്കുക, അവയുടെ ഭരണവും സുതാര്യതയും വർധിപ്പിക്കുക, സ്വകാര്യ മേഖലയെ സുസ്ഥിരമായി നയിക്കാൻ പ്രാപ്തമാക്കുക, സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നിവയാണ് സാമ്പത്തിക പിന്തുണ ലക്ഷ്യമിടുന്നത്. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സുസ്ഥിരമായ പാതയിലേക്ക് നയിക്കുകയും സാമ്പത്തികവും സാമൂഹികവുമായ വികസന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും.