അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം ഇളവ്; പ്രവാസികള്‍ക്കടക്കം പ്രയോജനകരം, പ്രഖ്യാപിച്ച് എയര്‍ലൈന്‍
ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഡിസംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 10 വരെ യാത്ര ചെയ്യാനാകും.
റിയാദ്: എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്. ഗ്രാന്‍ ഫ്‌ലൈ ഡേ എന്ന് പേരിട്ട ഓഫറാണ് സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്.
ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഡിസംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 10 വരെ യാത്ര ചെയ്യാനാകും. ഈ ഓഫര്‍ ഉപയോഗിച്ച് നവംബര്‍ 29, ബുധനാഴ്ച വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഓഫര്‍ ബാധകമാണ്. റൗണ്ട് ട്രിപ്പുകള്‍ക്കും വണ്‍വേ ഫ്‌ലൈറ്റുകള്‍ക്കും നിരക്കിളവ് ബാധകമാണ്. സൗദി എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍, സെയില്‍സ് ഓഫീസുകള്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കേരളത്തിലേക്കടക്കം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഈ ഓഫര്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
Read Also - കേരളത്തിലേക്കുള്ള സര്‍വീസ് തീയതി പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍, ടിക്കറ്റ് ബുക്കിങ് തുടങ്ങി
30 ശതമാനം വരെ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ദില്ലി: ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 'ക്രിസ്മസ് കംസ് ഏര്‍ലി' എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ബാധകം. ഡിസംബര്‍ രണ്ടു മുതല്‍ അടുത്ത വര്‍ഷം മെയ് 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എയര്‍ലൈന്റെ മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റായ airindiaexpress.com ലും ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്‌സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും അധികമായി ലഭിക്കും.
ബെംഗളൂരു- കൊച്ചി, ബെംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-മാംഗ്ലൂര്‍, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി എന്നീ റൂട്ടുകളില്‍ എയര്‍ലൈന്‍ മികച്ച ഓഫറുകളാണ് നല്‍കുന്നത്. ഹൈദരാബാദിനെ കൊച്ചി, ലഖ്‌നൗ, അമൃത്സര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും വിമാന കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. അന്തര്‍ദ്ദേശീയ വിമാനടിക്കറ്റുകള്‍ക്കും ഇളവ് ലഭിക്കുന്നത് പ്രവാസികൾക്കും ആശ്വാസമാണ്.
ടാറ്റ ന്യൂപാസ് റിവാര്‍ഡ്‌സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റുകള്‍, ബാഗേജുകള്‍, ടിക്കറ്റ് മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകള്‍ എന്നിവ പോലുള്ള എക്‌സ്‌ക്ലൂസീവ് മെമ്പര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ എട്ടു ശതമാനം വരെ ന്യൂകോയിന്‍സും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ആശ്രിതര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കും airindiaexpress.comല്‍ പ്രത്യേക നിരക്കുകള്‍ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം