വീട്ടുജോലിക്കാരുടെ ശമ്പളം ഇനി ഡിജിറ്റൽ വാലറ്റുകളിലൂടെ മാത്രം; ജൂലൈ മുതൽ സൗദിയിൽ പുതിയ നിയമം
ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്കാണ് ഈ നിയമം ബാധകമാവുക.
റിയാദ്: സൗദിയിൽ പുതുതായി എത്തുന്ന വീട്ടുജോലിക്കാരുടെ ശമ്പളം ഇനി പണമായി നൽകാനാവില്ല. ജൂലൈ ഒന്ന് മുതൽ ശമ്പളം ഡിജിറ്റൽ വാലറ്റുകളിലൂടെ കൈമാറണമെന്നാണ് നിർദേശം. ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ ആപ്പിലെ രേഖ ഉപയോഗിക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിയമം നടപ്പാക്കുന്നത്.
ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്കാണ് ഈ നിയമം ബാധകമാവുക. ജൂലൈ ഒന്ന് മുതൽ സൗദിയിൽ എത്തുന്ന തൊഴിലാളികൾക്കാണ് ഈ സൗകര്യം. ബാങ്ക് അക്കൗണ്ടുകൾ വഴിയോ, ഡിജിറ്റൽ വാലറ്റുകളിലൂടെയോ ശമ്പളം നൽകാവുന്നതാണ്. നിലവിൽ അംഗീകൃത ഡിജിറ്റൽ വാലറ്റ് സൗകര്യം ലഭിക്കുന്ന നിരവധി ആപ്പുക്കുകൾ രാജ്യത്ത് ലഭ്യമാണ്.
ആപ്പിലെ സാലറി ഐക്കൺ ഓപ്ഷൻ വഴിയാണ് ശമ്പളം നൽകേണ്ടത്. തൊഴിലാളികൾക്ക് മുൻകൂർ ശമ്പളം കൈമാറാനും അഡ്വാൻസ് പേയ്‌മെൻറ് നൽകാനും ഇത്തരം അപ്പുകളോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരിക്കണം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കുന്നത്. റിക്രൂട്ട്‌മെൻറ് നടപടികൾ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ പരാതികൾ പരിഹരിക്കുന്നതിനുമായി ‘മുസാനിദ്’ പ്ലാറ്റ്‌ഫോം സംവിധാനവും നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം