കുവൈത്ത് ദുരന്തം; സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലെന്ന് റിപ്പോർട്ട്, മൃതദേഹങ്ങളുടെ എംബാമിങ് തുടങ്ങി
പുലർച്ചെ 4.28നാണ് അപകട സന്ദേശം കിട്ടിയതെന്നും കൃത്യം അഞ്ചുമിനിട്ടിൽ കുതിച്ചെത്തി രക്ഷാ പ്രവർത്തനം തുടങ്ങിയെന്നും കുവൈത്ത് ഫയർ റെസ്ക്യൂ വിഭാഗം അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലെന്ന് കുവൈത്ത് വാർത്താ ഏജൻസി. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.
അതേസമയം തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ അപകടത്തിന് കാരണമായത് കെട്ടിടത്തിലെ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കുവൈത്ത് ഫയര്‍ഫോഴ്സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പുലർച്ചെ 4.28നാണ് അപകട സന്ദേശം കിട്ടിയതെന്നും കൃത്യം അഞ്ചുമിനിട്ടിൽ കുതിച്ചെത്തി രക്ഷാ പ്രവർത്തനം തുടങ്ങിയെന്നും കുവൈത്ത് ഫയർ റെസ്ക്യൂ വിഭാഗം അറിയിച്ചു. അപകട സ്ഥലത്തെത്തി പത്തു മിനിറ്റ് കൊണ്ടുതന്നെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. എന്നിട്ടും കെട്ടിടത്തിലുണ്ടായിരുന്ന 45 പേരെയും ജീവനറ്റ നിലയിലാണ് കണ്ടെടുത്തത്. ഗുരുതരമായി പരിക്കേറ്റിരുന്ന നാല് പേർ ആശുപത്രിയിൽ എത്തിച്ച ഉടൻ മരണപ്പെടുകയും ചെയ്തു.
ഇതിനിടെ, കുവൈത്ത് അപകടത്തിലെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവെന്ന് നോര്‍ക്ക സിഇഒ സിഇഒ അജിത്ത് കോളശേരി പറഞ്ഞു. 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും സിഇഒ പറഞ്ഞു. 45 മൃതദേഹങ്ങങ്ങളും നാട്ടിലേക്ക് അയക്കാനുള്ള പ്രോട്ടോക്കോൾ നടപടികൾ ഏകദേശം പൂർത്തിയായി. നാളെ രാവിലെ 8.30ക്ക് നെടുമ്പാശ്ശേരിയിൽ മലയാളികളുടെ മൃതദേഹങ്ങൾ എത്തിക്കും. മൃതദേഹങ്ങള്‍എംബാം ചെയ്യുന്നതിനുള്ള നടപടികളും കുവൈത്തിൽ ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം