അഭിമാനം വാനോളം; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി റയാന ബർനാവി, ബഹിരാകാശ യാത്ര നടത്തിയ ആദ്യ അറബ് വനിത
ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്ന് ജനിതക എൻജിനീയറിങ്ങിലും ടിഷ്യുവികസനത്തിലും ബിരുദവും അൽഫൈസൽ സർവകലാശാലയിൽ നിന്ന് ബയോമെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും ബർനാവി നേടിയിട്ടുണ്ട്.
റിയാദ്: സൗദിയുടെ അഭിമാനം ബഹിരാകാശത്ത് എത്തിച്ച റയാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്ന അംഗീകാരമാണ് അവർക്ക് ലഭിച്ചത്. 2023 മെയ് 21-നാണ് യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നും സൗദി ബഹിരാകാശ സഞ്ചാരി അലി അൽഖർനിക്കൊപ്പം റയാന ബർനാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയത്.
ബയോമെഡിക്കൽ സയൻസസിലെ ഗവേഷകയാണ് 34 കാരിയായ റയാന ബർനാവി. തന്‍റെ കരിയർ കാൻസർ സ്റ്റെം സെല്ലുകളുടെ മേഖലകളിലെ ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനുമായി സമർപ്പിച്ചു. കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിൽ ചേർന്നുകൊണ്ടാണ് ബർനാവിയുടെ ഔദ്യോഗിക ജീവിതത്തിന് തുടക്കം.
ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്ന് ജനിതക എൻജിനീയറിങ്ങിലും ടിഷ്യുവികസനത്തിലും ബിരുദവും അൽഫൈസൽ സർവകലാശാലയിൽനിന്ന് ബയോമെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എട്ട് ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്രാ ദൗത്യത്തിനിടെ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണവും ജൈവപ്രക്രിയകളിൽ മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനവും പഠിക്കുന്നത് ഉൾപ്പെടെ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ ബർനാവി നടത്തി. ഈ പരീക്ഷണങ്ങൾ ആഗോളതലത്തിൽ സൗദിയുടെ ശാസ്ത്രീയ പങ്ക് വർധിപ്പിക്കുന്നതിന് സംഭാവന നൽകി. മനുഷ്യരാശിയെ സേവിക്കുന്ന ശാസ്ത്ര കണ്ടെത്തലുകളുടെ ഒരു പുതിയ ഘട്ടം അറിയിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള തെൻറ ആദ്യ സന്ദേശത്തിൽ ബർനാവി ലോകത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതിങ്ങനെ: ‘ഈ യാത്ര എന്നെ മാത്രം പ്രതിനിധീകരിക്കുന്നില്ല, മറിച്ച് മുഴുവൻ അറബ് ലോകത്തെയും എല്ലാ സൗദി പൗരരെയും പ്രതിനിധീകരിക്കുന്നു. അസാധ്യമെന്നു തോന്നിയ ഒരു സ്വപ്നമാണ്. പക്ഷേ ഞങ്ങളുടെ ഭരണാധികാരികളുടെയും സർക്കാരിെൻറയും കുടുംബങ്ങളുടെയും പിന്തുണയാൽ അത് യാഥാർഥ്യമായിരിക്കുകയാണ്’.
Read Also - 500,000 സീറ്റുകൾ ഓഫർ നിരക്കിൽ, 2,943 രൂപ മുതൽ ടിക്കറ്റുകൾ; എക്കാലത്തെയും മികച്ച ഡിസ്കൗണ്ട് സെയിലുമായി എയർലൈൻ
യാത്രയിൽ ബർനാവി നടത്തിയ സ്റ്റെം സെല്ലുകളുടെയും സ്തനാർബുദത്തിെൻറയും പഠനവുമായി ബന്ധപ്പെട്ട മെഡിക്കൽ പരീക്ഷണങ്ങളും മറ്റും ബഹിരാകാശത്തെ നൂതന ശാസ്ത്രഗവേഷണ മേഖലയിൽ സൗദി വഹിച്ച പങ്കിനെ സ്ഥിരീകരിക്കുന്നതാണ്. 2022 സെപ്റ്റംബറിൽ ആരംഭിച്ച സൗദി ബഹിരാകാശയാത്രാ പദ്ധതിയുടെ ഭാഗമായാണ് സ്റ്റെം സെല്ലുകൾ, സ്തനാർബുദം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഉൾപ്പടെയുള്ള ശാസ്ത്രീയഗവേഷണം നടത്താൻ സംഭാവന നൽകുന്ന ടീമിന്‍റെ ഭാഗമാകാൻ 2023 ഫെബ്രുവരിയിൽ ബർനാവിയെ തെരഞ്ഞെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം