പൊള്ളുന്ന ചൂടിന് ആശ്വാസമായി മക്കയില്‍ മഴ
ഈ ഹജ് സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ ദിവസം മക്കയിലും മിനയിലും രേഖപ്പെടുത്തിയത്.
റിയാദ്: സൗദി അറേബ്യയില്‍ ചൂട് കനക്കുന്നതിനിടെ ആശ്വാസമായി മക്കയില്‍ മഴയെത്തി. തിങ്കളാഴ്ച റെക്കോർഡ് ചൂടാണ് പകൽ മക്കയിൽ അനുഭവപ്പെട്ടത്. രാവിലെ 11 നാം വൈകിട്ട് നാലിനും ഇടയിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം ഹാജിമാർക്ക് കർശന നിർദേശം നൽകിയിരുന്നു.
ഇതിനിടെയാണ് ഹാജിമാർക്ക് ആശ്വാസമായി മഴ എത്തിയത്. കുറച്ച് സമയത്താണെങ്കിലും മഴ പെയ്തത് ചൂടിന് വലിയ ശമനമാണ് ഉണ്ടാക്കിയത്. പലരും മഴ നനഞ്ഞ് കൊണ്ടാണ് മസ്‌ജിദുൽ ഹറമിൽ ത്വവാഫ് നിർവഹിച്ചത്. മിനയിലും മഴ നനഞ്ഞ് കൊണ്ട് വിശ്വാസികൾ ജംറകളിൽ കല്ലെറിഞ്ഞു.
ഈ ഹജ് സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ ദിവസം മക്കയിലും മിനയിലും രേഖപ്പെടുത്തിയത്. മിനയിൽ 49 ഡിഗ്രി സെൽഷ്യസ് വരെയും മക്കയിൽ 51.8 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തിയിരുന്നു.
Read Also - വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
അതേസമയം ബലിപെരുന്നാള്‍ ദിനത്തില്‍ യുഎഇയില്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്. 49.4 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ സ്വീഹാനിലാണ്. ഉച്ചയ്ക്ക് 2.45ന് താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തി. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ മഴയും ലഭിച്ചു. വേനൽക്കാല കാലാവസ്ഥ ആരംഭിക്കുന്നതിനാൽ യുഎഇയിൽ കൂടുതൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം