യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനം മറിഞ്ഞ് യുവാവിന് പരിക്ക്

ഇവിടെ കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Rain at various parts of UAE a vehicle overturned as driver tries to film flooded wadi while driving

അല്‍ഐന്‍: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച കനത്ത മഴ ലഭിച്ചു. അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അല്‍ ഐന് പുറമെ അല്‍ തിവായ, അല്‍ ഖത്താറ, നാഹില്‍, ബദാ ബിന്‍ത് സഉദ്, അല്‍അമീറ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്‍തു. ചില പ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും ചില സ്ഥലങ്ങളില്‍ യെല്ലോ അലെര്‍ട്ടും നിലവിലുണ്ടായിരുന്നു.

അല്‍ഐനിലെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി. അതേസമയം അല്‍ഐനില്‍ വാഹനം വെള്ളക്കെട്ടിലേക്ക് പതിച്ച് ഒരു യുവാവിന് പരിക്കേറ്റു. വാദി സാഹിലായിരുന്നു സംഭവം. ഇവിടെ കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

താഴ്‍വരയില്‍ വെള്ളം ഒഴുകുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നതിനാല്‍ ഇയാളുടെ ശ്രദ്ധ റോഡിലായിരുന്നില്ലെന്ന് അബുദാബി പൊലീസ് പറഞ്ഞു. മഴ സമയങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന വാദി സാഹ് ഉള്‍പ്പെടെ അല്‍ ഐനിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അധികൃതര്‍ അറിയിച്ചു. 

മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും റോഡുകളിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളിലെ വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷയും റോഡിലെ മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും പാലിക്കണം. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോകളോ വീഡിയോ ദൃശ്യങ്ങളോ പകര്‍ത്തുക വഴി ശ്രദ്ധ തെറ്റാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളില്‍ വാദികളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read also:  ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കി: ക്ലിക്ക് ആന്റ് ഡ്രൈവ് സൗകര്യവുമായി ആര്‍ടിഎ

ഒമാനിൽ നാല് വയസുകാരി മുങ്ങി മരിച്ചു
മസ്‍കത്ത്: ഒമാനിൽ നാല് വയസ്സുകാരി മുങ്ങി മരിച്ചു. ബഹ്‌ലയിലെ ഒരു താഴ്‌വരയിൽ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്ന സമയത്താണ് കുട്ടിയെ വാദിയില്‍ കാണാതായതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് നടന്ന തെരച്ചിലില്‍ ബഹ്‌ലയിലെ വെള്ളക്കെട്ടിൽ നിന്ന് ഒരു സ്വദേശി പൗരൻ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു. കുട്ടികളുടെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണമെന്നും  അവരെ ഒറ്റയ്‍ക്ക് വാദികളില്‍ വിടരുതെന്നും റോയല്‍ ഒമാന്‍ പൊലീസ്, രാജ്യത്തെ എല്ലാ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു.

Read also: മലയാളി ഹജ്ജ് തീര്‍ത്ഥാടക മക്കയില്‍ മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios