ഇപ്പോൾ ഖേദം തോന്നുന്നു, തെറ്റിദ്ധാരണ ഉണ്ടായി, വസ്തുത ബോധ്യപ്പെട്ടു; വൈകാരിക പ്രതികരണവുമായി റഹീമിെന്റെ ഉമ്മ
തങ്ങളുടെ തെറ്റിദ്ധാരണ മൂലം എല്ലാവർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും ഇരുവരും റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റിയാദ്: കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ വധശിക്ഷ ഒഴിവാക്കിപ്പിക്കാനും ജയിൽ മോചനത്തിനും വേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്ന റിയാദിലെ സഹായസമിതിയെ തെറ്റായ വിവരങ്ങളുടെ പുറത്ത് സംശയിച്ചുവെന്നും എന്നാൽ സൗദിയിലെത്തിയ ശേഷം വസ്തുതകൾ ബോധ്യപ്പെട്ടെന്നും ഉമ്മ ഫാത്തിമയും സഹോദരൻ നസീറും പറഞ്ഞു. ഇപ്പോൾ ഖേദം തോന്നുന്നു. തങ്ങളുടെ തെറ്റിദ്ധാരണ മൂലം എല്ലാവർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും ഇരുവരും റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വാഭാവിക നടപടിക്രമങ്ങൾ കാരണം മോചനം നീളുന്ന സാഹചര്യത്തിൽ റഹീമിനെ ജയിലിൽ കാണാനും ഉംറ നിർവഹിക്കാനുമായി ഒക്ടോബർ 30-നാണ് ഇരുവരും സൗദി അറേബ്യയിലെത്തിയത്. ഫാത്തിമയുടെ സഹോദരൻ അബ്ബാസും ഭാര്യയും സംഘത്തിലുണ്ട്. അബഹയിൽ ആദ്യമെത്തിയ ഇവർ ഏതാനും ദിവസം മുമ്പ് റിയാദിലെത്തി ജയിലിൽ റഹീമിനെ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും ഈയൊരു സാഹചര്യത്തിൽ ഉമ്മയെ കാണാൻ തനിക്കാവില്ലെന്ന് പറഞ്ഞ് റഹീം കൂടിക്കാഴ്ചക്ക് വിസമ്മതിക്കുകയായിരുന്നു.
അത് വലിയ വാർത്തയായി വിവാദം കത്തിപ്പടരുന്നതിനിടെ ഉമ്മയും ഒപ്പമുള്ളവരും മക്കയിലേക്ക് തിരിച്ചു. ഉംറ നിർവഹിച്ച ശേഷം തിങ്കളാഴ്ച റിയാദിൽ തിരിച്ചെത്തി. അപ്പോഴേക്കും ഉമ്മയെ കാണാൻ റഹീം സന്നദ്ധനായി മാറിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ റിയാദ് - അൽഖർജ് റോഡിലെ ഇസ്കാനിലുള്ള ജയിലിൽ പുനസമാഗമത്തിന് അവസരമൊരുങ്ങി. നീണ്ട 18 വർഷത്തിന് ശേഷം ഉമ്മയും മകനും വീണ്ടും കണ്ടു. വൈകാരികമായ ആ നിമിഷത്തിൽ ഉമ്മ മകനെ വാരിപ്പുണർന്നു.
അന്ന് തന്നെ ഉമ്മയും നസീറും റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി റഹീമിെൻറ മോചനത്തിന് വേണ്ടി ശ്രമം തുടരുന്ന ഉദ്യോഗസ്ഥർക്കും സാമൂഹികപ്രവർത്തകർക്കും നന്ദി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് ഉമ്മയും നസീറും അബ്ബാസും മാധ്യമങ്ങളെ കണ്ടത്. ധാരണാ പിശകുകളുണ്ടായിട്ടുണ്ടെന്നും ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതുണ്ടായതെന്നും നസീർ പറഞ്ഞു. ഇപ്പോൾ വസ്തുതകൾ ബോധ്യപ്പെട്ടു. തെറ്റിദ്ധരിച്ചതിലും സംശയിച്ചുപോയതിലും ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരും ക്ഷമിക്കുക. കൂടെപിറപ്പിനെ പോലെ കണ്ട് റഹീമിനെ സഹായിക്കാനിറങ്ങിയ ഓരോരുത്തരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
അന്ന് മുതൽ ഇന്നുവരെ റഹീമിന്റെ വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ രംഗത്തുള്ള മുഴുവൻ മാധ്യമങ്ങളോടും എന്നും ഞങ്ങൾ കടപ്പെട്ടിരിക്കും. സൗദിയിൽനിന്ന് അടുത്ത ദിവസങ്ങളിൽ തന്നെ ഞങ്ങൾ നാട്ടിലേക്ക് മടങ്ങും. നവംബർ 17-ന് റിയാദിലെ കോടതിയിൽ നടക്കുന്ന സിറ്റിങ്ങിൽ ഞങ്ങൾക്ക് അങ്ങേയറ്റം പ്രതീക്ഷയുണ്ട്. മോചന ഉത്തരവുണ്ടാവും, റഹീം ഞങ്ങളുടെ അടുത്തേക്ക് എത്തും എന്ന പ്രത്യാശയോടെയും പ്രാർഥനയോടെയുമാണ് സൗദിയിൽ നിന്ന് മടങ്ങുന്നതെന്നും നസീർ കൂട്ടിച്ചേർത്തു. ചെറിയ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് പൊറുത്ത് എന്റെ പൊന്നുമകൻ എന്റെയടുത്ത് എത്തുന്നതുവരെ എല്ലാവരും ഒപ്പമുണ്ടാകണമെന്നും ഈറനണിഞ്ഞ കണ്ണുകളോടെ ഉമ്മ ഫാത്തിമയും പറഞ്ഞു. റിയാദ് സഹായസമിതി ബത്ഹയിൽ സംഘടിപ്പിച്ച യോഗത്തിലും മൂവരും സംബന്ധിച്ചു. നസീറും അബ്ബാസും സംസാരിച്ചു.