പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍
ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് 10 ശതമാനം വരെ ഇളവ് ലഭിക്കുക.
ദോഹ: ലോകത്തെ മികച്ച വിമാനക്കമ്പനിക്കുള്ള സ്കൈ ട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ് നേട്ടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാര്‍ക്കായി 10 ശതമാനം വരെ ടിക്കറ്റ് നിരക്കിളവാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചത്.
പരിമിതകാല ഓഫറാണിത്. ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് 10 ശതമാനം വരെ ഇളവ് ലഭിക്കുക. ജൂലൈ ഒന്നുമുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുള്ള യാത്രക്കാണ് ഈ ഇളവ് പ്രയോജനപ്പെടുത്താനാവുക. ഖത്തർ എയർവേസിന്റെ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ സ്കൈ ട്രാക്സ് എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് വേണം ടിക്കറ്റ് ബുക്ക് ചെയ്യാന്‍. ബിസിനസ് ക്ലാസുകൾക്കും ഇക്കോണമി ടിക്കറ്റുകൾക്കും നിരക്ക് ഇളവ് ലഭിക്കും.
Read Also - യുഎഇയിൽ പെട്രോൾ വില കുറയും; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും, പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു
അവാർഡ് നേട്ടത്തിൽ യാത്രക്കാര്‍ക്കുള്ള നന്ദി സൂചകമായി 'താങ്ക്യൂ' എന്ന പേരിലാണ് 10% വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പരിപാടിയിലാണ് ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള 2024 സ്കൈ ട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ഖത്തർ എയർവെയ്‌സ് നേടിയത്. ഇത് എട്ടാം തവണയാണ് ഖത്തർ എയർവേയ്സിന് ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള അവാർഡ് ലഭിക്കുന്നത്. ലോകത്തെമ്പാടുമുള്ള 350 വിമാനക്കമ്പനികളില്‍നിന്നാണ് ഖത്തര്‍ എയര്‍വേസ് ഒന്നാമതെത്തിയത്.
ഓണ്‍ലൈന്‍ വഴി നടന്ന വോട്ടെടുപ്പില്‍ നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈനിനെ രണ്ടാം സ്ഥാനത്തേക്കാണ് പിന്തള്ളിയാണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ നേട്ടം. എമിറേറ്റ്സാണ് മൂന്നാം സ്ഥാനത്തുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം