മസ്‍കത്ത് നഗരസഭക്ക് നന്ദിയറിയിച്ച് സീബിലെ സ്വകാര്യ ആശുപത്രി അധികൃതർ
രോഗികളുടെ തിരക്ക് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ആരോഗ്യ സുരക്ഷ മുൻനിർത്തി ആശുപത്രിയിലെ മൂന്ന് വാതിലുകളില്‍ ഒരെണ്ണത്തില്‍ കൂടിയുള്ള പ്രവേശനം തടയുക മാത്രമാണുണ്ടായതെന്നും മറ്റ് രണ്ട് വാതിലുകളിലൂടെയും രോഗികളെ പ്രവേശിപ്പിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
മസ്‍കത്ത്: ഒമാനിലെ അൽ ഖൂദ് ബദർ അല്‍ സമ ആശുപത്രിയുടെ പ്രവർത്തനം മസ്‍കത്ത് നഗരസഭ തടഞ്ഞെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ആശുപത്രിയിൽ സാധാരണ ചികിത്സകളും അടിയന്തര ആരോഗ്യ പരിരക്ഷാ സേവനങ്ങളും ഒരു തടസ്സവുമില്ലാതെ പ്രവർത്തിച്ചു വന്നിരുന്നുവെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍, മസ്‍കത്ത് നഗരസഭയുടെ മാർഗനിർദ്ദേശങ്ങൾക്കും സഹകരണങ്ങൾക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.
മസ്‍കത്ത് നഗരസഭ നടത്തിയ പതിവ് പരിശോധനയിൽ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സീബിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെച്ചതായി നഗരസഭ ജൂലൈ 31ന് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിനായുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതില്‍ പരാജയപെട്ടതുമൂലമാണ് സ്വകാര്യ ആശുപത്രി അടച്ചതെന്നും നഗരസഭ പുറത്തിറാക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ചികിത്സക്കായി എത്തുന്ന രോഗികളുടെ തിരക്ക് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ആരോഗ്യ സുരക്ഷ മുൻനിർത്തി ആശുപത്രിയിലെ മൂന്ന് വാതിലുകളില്‍ ഒരെണ്ണത്തില്‍ കൂടിയുള്ള പ്രവേശനം തടയുക മാത്രമാണുണ്ടായതെന്നും മറ്റ് രണ്ട് വാതിലുകളിലൂടെയും രോഗികളെ പ്രവേശിപ്പിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. നഗരസഭ നിര്‍ദേശിച്ച തുടര്‍ നടപടികള്‍ ഉടനെ തന്നെ സ്വീകരിക്കുകയും മൂന്നാമത്തെ വാതില്‍ കൂടി ഉടനെ തുറക്കുകയും ചെയ്‍തെന്നും പ്രസ്‍താവനയില്‍ പറയുന്നു.