ഉഭയകക്ഷി ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്താൻ ധാരണ; കുവൈത്ത് അമീറുമായി ചർച്ച നടത്തി മോദി

ഇന്ത്യ സന്ദർശിക്കാൻ അമീറിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു

Prime Minister meets the Amir of Kuwait

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ബയാൻ കൊട്ടാരത്തിലെത്തിയ അദ്ദേഹത്തിന്, കുവൈത്ത് പ്രധാനമന്ത്രി അഹ്മദ് അൽ അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് ആചാരപരമായ സ്വീകരണം നൽകി.

ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ചരിത്രപരവും സൗഹൃദപരവുമായ ബന്ധം അനുസ്മരിച്ച നേതാക്കൾ, ഉഭയകക്ഷിസഹകരണം കൂടുതൽ വിപുലീകരിക്കാനും ആഴത്തിലാക്കാനുമുള്ള പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, ഉഭയകക്ഷി ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്താൻ നേതാക്കൾ ധാരണയായി.

കുവൈറ്റിലെ ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിനു പ്രധാനമന്ത്രി അമീറിനോടു നന്ദി പറഞ്ഞു. കുവൈത്തിന്‍റെ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ വലുതും ഊർജസ്വലവുമായ സംഭാവനകളെ അമീർ അഭിനന്ദിച്ചു. വിഷൻ 2035 പൂർത്തീകരിക്കുന്നതിനായി കുവൈറ്റ് കൈക്കൊണ്ട പുതിയ സംരംഭങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഈ മാസം ആദ്യം ജിസിസി ഉച്ചകോടി വിജയകരമായി നടത്തിയതിന് അമീറിനെ അഭിനന്ദിക്കുകയും ചെയ്തു. 

അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ ‘വിശിഷ്ടാതിഥി’യായി ഇന്നലെ തന്നെ ക്ഷണിച്ചതിലും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ വൈകാരികതയോടു പ്രതികരിച്ച അമീർ, കുവൈറ്റിലും ഗൾഫ് മേഖലയിലും മൂല്യവത്തായ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. കുവൈറ്റ് വിഷൻ 2035 യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യയുടെ വലിയ പങ്കും സംഭാവനയും പ്രതീക്ഷിക്കുന്നതായും അമീർ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ സന്ദർശിക്കാൻ അമീറിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios