റിയാദിലെ ഇന്ത്യൻ എംബസിയിൽ ‘പ്രവാസി പരിചയ്’സാംസ്കാരിക വാരാഘോഷത്തിന് തുടക്കം

കേരളം, യു.പി., ജമ്മുകാശ്മീർ, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങളുടെ അവതരണത്തോടെയായിരുന്നു ആഘോഷങ്ങൾ തുടങ്ങിയത്. 

pravasi parichay cultural celebrations begins in riyadh indian embassy

റിയാദ്: ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിെന്‍റെയും സാംസ്കാരിക വൈവിധ്യത്തിെൻറയും വർണശബളമായ കാഴ്ചകളോടെ റിയാദിലെ ഇന്ത്യൻ എംബസിയിൽ ‘പ്രവാസി പരിചയ്’ സാംസ്കാരിക വാരാഘോഷത്തിന് തുടക്കം. കേരളം, യു.പി., ജമ്മുകാശ്മീർ, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങളുടെ അവതരണത്തോടെയായിരുന്നു അരങ്ങേറ്റം. 30 ഇന്ത്യൻ ചിത്രകാരികളുടെ സർഗവൈഭവം വിളിച്ചോതുന്ന ചിത്രപ്രദർശനം ശ്രദ്ധേയമായി. വിവിധ സംസ്ഥാനങ്ങളുടെ തനത് പാരമ്പര്യ കലാരൂപങ്ങളുടെ അവതരണം ഇന്ത്യൻ സാംസ്കാരിക വൈവിധ്യത്തിെൻറ വിളംബരോത്സവമായി.

അവിശ്വസനീയമായ പ്രകടനങ്ങളാണ് ഓരോ സംസ്ഥാനത്തെയും പ്രതിനിധാനം ചെയ്ത കലാസംഘങ്ങൾ കാഴ്ച വെച്ചത്. അതിശയിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഇതിഹാസമായ മഹാഭാരതത്തെ ആധാരമാക്കിയ നൃത്ത നാടകവും കാണികളെ വിസ്മയഭരിതരാക്കി. ആദ്യ ദിവസം എംബസി കവാടത്തിൽനിന്ന് റിയാദ് ടാക്കീസിെൻറ ചെണ്ടമേളം, ബീറ്റ്സ് ഓഫ് റിയാദിന്‍റെ നാസിക് ഡോൾ മേളം, ദേവിക നൃത്തകലാക്ഷേത്രത്തിെൻറ താലപ്പൊലി, സ്കൂൾ ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് എംബസി അങ്കണത്തെ പ്രദക്ഷിണം ചെയ്ത പ്രവാസി പരിചയ് ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. എംബസി ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിൽ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ വാരാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്റ്റിയറിങ് കമ്മിറ്റിയംഗങ്ങളായ ശിഹാബ് കൊട്ടുകാടും സലീം മാഹിയും അംബാസഡറെ ബൊക്കെയും ഷാളും നൽകി ആദരിച്ചു.

Read Also -  ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു

തുടർന്ന് വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങൾ അരങ്ങേറി. ആദ്യം കേരളത്തിെൻറ കലാപരിപാടികളാണ് അവതരിപ്പിച്ചത്. കുഞ്ഞുമുഹമ്മദ് കലാക്ഷേത്രയുടെ നുപുര നൃത്തകലാവേദിയുടെ കേരള നടനോത്സവം, രശ്മി വിനോദിെൻറ വൈദേഹി നൃത്ത വിദ്യാലയത്തിന്‍റെ രാവണ ജീവിത നാടകാവിഷ്കാരം, കുച്ചിപ്പുഡി, ബിന്ദു സാബുവിെൻറ നേതൃത്വത്തിൽ നവ്യ ആർട്സ് സ്കൂളിന്‍റെ തിരുവാതിര, ഒപ്പന, മാർഗംകളി, സിന്ധു സോമെൻറ ദേവിക നൃത്തകലാക്ഷേത്രത്തിെൻറ മോഹിനിയാട്ടം, ദേവി സ്തുതി നൃത്തം, ഫെമിൻ നിസാറിെൻറ ക്ലാസിക്കൽ ഡാൻസ്, റീന കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ ചിലങ്ക ഡാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് സെമി ക്ലാസിക് ഡാൻസ്, വിഷ്ണുവിെൻറ നേതൃത്വത്തിൽ റോക്ക് സ്റ്റാർ ഗ്രൂപ്പ് കേരള നാടോടി നൃത്തം എന്നിവ അരങ്ങേറി.
തുടർന്ന് ഡൽഹി, യു.പി., ജമ്മുകശ്മീർ, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ നാടോടി നൃത്തങ്ങളും സ്കിറ്റുകളും ഖവാലിയും അരങ്ങേറി. സ്റ്റിയറിങ് കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സൈഗാം ഖാൻ സ്വാഗതവും ശിഹാബ് കൊട്ടുകാട് നന്ദിയും പറഞ്ഞു.

ഇതിന് പുറമെ എംബസി അങ്കണത്തിൽ നാസിക് ഡോൾ മേളത്തിെൻറയും പാട്ടുകളുടെയും അകമ്പടിയിൽ കേരള ചുണ്ടൻ വള്ളംകളി (ശിഫ മലയാളി സമാജം), പെയിൻറിങ് പ്രദർശനം, വിവിധ കലാപ്രകടനങ്ങൾ, കേരള ഫോട്ടോ ബൂത്ത്, ലുലു, നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളുടെ ഫുഡ് സ്റ്റാളുകൾ, വിവിധ സംസ്ഥാനങ്ങളുടെ രുചിവൈവിധ്യം വിളമ്പുന്ന മറ്റ് ഫുഡ് സ്റ്റാളുകൾ എന്നിവയും ഒരുക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios