ഇങ്ങനെയൊന്നും ഓവര്‍ടേക്ക് ചെയ്യരുത്; അപകട വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസ്
നിരവധി ലേനുകളുള്ള റോഡില്‍ തൊട്ടുമുന്നിലുള്ള വാഹനത്തെ തെറ്റായി ഓവര്‍ടേക്ക് ചെയ്യുന്നതും ഒടുവില്‍ നിയന്ത്രണം വിട്ട് റോഡ് ഷോള്‍ഡറിലെ കോണ്‍ക്രീറ്റ് ബാരിയറിലേക്ക് വാഹനം ഇടിച്ചു കയറുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
അബുദാബി: റോഡില്‍ മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്ന് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അബുദാബി പൊലീസ്. ഓവര്‍ടേക്കിങിനിടയിലെ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെറ്റായ രീതിയിലുള്ള ഓവര്‍ടേക്കിങിന് ഉദാഹരണമായി ഒരു അപകടത്തിന്റെ വീഡിയോ ക്ലിപ്പ് തന്നെ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
നിരവധി ലേനുകളുള്ള റോഡില്‍ തൊട്ടുമുന്നിലുള്ള വാഹനത്തെ തെറ്റായി ഓവര്‍ടേക്ക് ചെയ്യുന്നതും ഒടുവില്‍ നിയന്ത്രണം വിട്ട് റോഡ് ഷോള്‍ഡറിലെ കോണ്‍ക്രീറ്റ് ബാരിയറിലേക്ക് വാഹനം ഇടിച്ചു കയറുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. വലതുവശത്തുകൂടി ഒരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മുന്നിലുള്ള വാഹനം പെട്ടെന്ന് വേഗത കുറച്ചു. ഓവര്‍ടേക്ക് ചെയ്യുന്ന വാഹനത്തിന് ഈ സമയം നിയന്ത്രണം നഷ്ടമാവുകയും പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. നിയന്ത്രണം നഷ്ടമാവുന്ന കാര്‍ റോഡിന്റെ ഒരു വശത്തേക്ക് തെന്നിനീങ്ങി ഒടുവില്‍ കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറുന്നതാണ് വീഡിയോയിലുള്ളത്.
യുഎഇയില്‍ വാഹനം ഓടിക്കുമ്പോള്‍ എപ്പോഴും ഇടതു വശത്തു കൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. റോഡില്‍ ലേന്‍ മാറുമ്പോള്‍ ഇന്റിക്കേറ്ററുകള്‍ ഉപയോഗിക്കണം. ഇതിന് പുറമെ പെട്ടെന്ന് വാഹനം വെട്ടിച്ച് തിരിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Read also: മോഷണം പിടിക്കപ്പെട്ടു; യുഎഇയില്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത