മക്കയിൽ ഇന്നലെ ജുമുഅയിലും പ്രാർത്ഥനയിലും അണിനിരന്നത് ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ
കുദായി ബസ്സ്റ്റേഷൻ വഴി 75000 തീർത്ഥാടകരും മഹ്ബെസ്ജിൻ വഴി 25000 ഹാജിമാരുമാണ് ജുമുഅഃക്ക് എത്തിയത് മുഴുവൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരെയും വിവിധ വകുപ്പുകളിൽ ആയി അഡീഷണൽ ഡ്യൂട്ടി നൽകി ഹറമിനും പരിസരത്തുമായി ചുമതലപ്പെടുത്തിയിരുന്നു.
(പ്രതീകാത്മക ചിത്രം)
റിയാദ്: കടുത്ത ചൂടിനെ അവഗണിച്ച് ഒരുലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ ഇന്നലെ മക്കയിൽ ജുമുഅയിലും പ്രാർത്ഥനയിലും പങ്കെടുത്തു. ഹാജിമാരെ അനായാസം ഹറമിലും തിരിച്ചുമെത്തിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ ഹജ്ജ് മിഷൻ നേരത്തെ നൽകിയ അറിയിപ്പ് അനുസരിച്ച് പുലർച്ചെ മുതൽ ഹാജിമാർ ഹറമിലേക്ക് പുറപ്പെട്ടു തുടങ്ങി വെള്ളിയാഴ്ച രാവിലെ10.30ടെ മുഴുവൻ തീർത്ഥാടകരും ഹറമിൽ എത്തി.
കുദായി ബസ്സ്റ്റേഷൻ വഴി 75000 തീർത്ഥാടകരും മഹ്ബെസ്ജിൻ വഴി 25000 ഹാജിമാരുമാണ് ജുമുഅഃക്ക് എത്തിയത് മുഴുവൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരെയും വിവിധ വകുപ്പുകളിൽ ആയി അഡീഷണൽ ഡ്യൂട്ടി നൽകി ഹറമിനും പരിസരത്തുമായി ചുമതലപ്പെടുത്തിയിരുന്നു. വിവിധ മലയാളി സന്നദ്ധസേവന പ്രവർത്തകരും ഹാജിമാർക്ക് തണലേകി വഴിനീളെ സഹായത്തിനെത്തി. തണുത്ത പാനീയവും ജ്യൂസും നൽകി വിവിധ സംഘടനാ വളണ്ടിയർമാരുടെ പ്രവർത്തനം ഹാജിമാർക്ക് ഏറെ ആശ്വാസമായി. വിവിധ ബസ്സുകളിലേക്ക് തീർത്ഥാടകരെ തിരിച്ചുവിടാനും. വയസ്സായും വീൽചെയറിലും എത്തിയ ഹാജിമാരെ ബസുകളിൽ കയറ്റാനും സന്നദ്ധ വളണ്ടിയർമാർ സഹായത്തിന് എത്തി.
Read Also - ഒറ്റരാത്രിയില്‍ കോടീശ്വരന്‍; അപ്രതീക്ഷിത സമ്മാനം തേടിയെത്തി, ഗള്‍ഫില്‍ ഇന്ത്യക്കാരന് ലഭിച്ചത് വമ്പന്‍ തുക
ശക്തമായ ചൂട്പൊടിക്കാറ്റും പലഹാജിമാർക്കും ആരോഗ്യ പ്രയാസങ്ങൾ നേരിട്ടു. ഇവരെ പ്രാഥമിക ചികിത്സ നൽകിയാണ് വിട്ടയച്ചത്. ഇതിനായി പ്രത്യേകം മെഡിക്കൽ സംഘങ്ങളെ ഹറമിന് ചുറ്റും ഏർപ്പെടുത്തിയിരുന്നു. ആറായിരത്തിലേറെ മലയാളി തീർത്ഥാടകരും ജുമുഅയിലും പ്രാർത്ഥനയിലും പങ്കുകൊള്ളാൻ ഹറമിൽ എത്തിയിരുന്നു. ആദ്യമായി ജുമുഅയിൽ പങ്കെടുത്ത സന്തോഷത്തിലായിരുന്നു പല തീർത്ഥാടകരും. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഹറമിലേക്ക് പോയ ഹാജിമാർ തിരിച്ചെത്തിയത്.