സൗദിയിൽ മരണാനന്തര അവയവദാനത്തിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു
സൗദിയിൽ ഏറ്റവും കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നത് റിയാദ് ഉൾപ്പെടുന്ന മേഖല മധ്യമേഖലയാണ്.
റിയാദ്: സൗദി അറേബ്യയിൽ മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരുടെ എണ്ണം ലക്ഷങ്ങൾ. ഇതുവരെ ഇതിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 5,33,000 ആയെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ അറിയിച്ചു. ഇതര മനുഷ്യരുടെ ജീവൻ രക്ഷിക്കാനും അവരുടെ അനാരോഗ്യ ദുരിതം അവസാനിപ്പിക്കാനും ജീവിതത്തിൽ പുതിയ അവസരങ്ങൾക്കായി അവർക്ക് പ്രതീക്ഷ നൽകാനും ആഗ്രഹിക്കുന്ന നല്ല മനുഷ്യരുടെ എണ്ണം ചെറുതല്ലെന്നത് വളരെ ആഹ്ലാദകരമാണെന്നും അവയവം മാറ്റിവെക്കൽ കേന്ദ്രം മേധാവി ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.
പൊതുസമൂഹത്തിൽ അവയവദാനത്തിെൻറ ശ്രേഷ്ഠതയും പ്രാധാന്യവും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനും ജനങ്ങളിൽ അതിലുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്ഥാപിതമായതാണ് കേന്ദ്രം. മരണപ്പെടുന്നവരുടെ ആന്തരികാവയവങ്ങൾ രോഗികളിലേക്ക് മാറ്റിവയ്ക്കുന്നതിനുള്ള അവസരവും പ്രക്രിയകളും സുഗമമാക്കുന്നതിന് പുറമേ രോഗികൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിനും കേന്ദ്രം പ്രവർത്തിക്കുന്നു. മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ രജിസ്ട്രേഷൻ കേന്ദ്രം നടത്തിവരികയാണ്.
ഇതുവരെ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ രാജ്യ തലസ്ഥാനമായ റിയാദ് ആണ് മുന്നിൽ. 1,42,000 പേരാണ് മരണാനന്തര അവയവദാനത്തിന് സന്നദ്ധത അറിയിച്ച് രജിസ്ട്രേഷൻ നേടിയിട്ടുള്ളത്. 1,15,000 ദാതാക്കളുമായി മക്കയാണ് രണ്ടാം സ്ഥാനത്ത്. 65,000 പേരുമായി കിഴക്കൻ പ്രവിശ്യ മൂന്നാം സ്ഥാനത്തും. നജ്‌റാനിലാണ് എണ്ണത്തിൽ ഏറ്റവും കുറവ്, ഏകദേശം 1500 മാത്രം. രാജ്യത്ത് അവയവ മാറ്റിവയ്ക്കൽ പദ്ധതി ആരംഭിച്ചത് മുതൽ 2023 വരെ മരണാനന്തരം മാറ്റിവച്ച അവയവങ്ങളുടെ എണ്ണം ആകെ 6000ലേറെയാണെന്നും കേന്ദ്രം മേധാവി ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു. ചില കുടുംബങ്ങളിൽ അതിലെ ഒരു അംഗം മരിച്ചാൽ അവയവദാന സങ്കൽപം നിരസിക്കുന്നതിനുള്ള സാധ്യതകളുണ്ട്.
Read Also - ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 12
സൗദിയിൽ ഏറ്റവും കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നത് റിയാദ് ഉൾപ്പെടുന്ന മേഖല മധ്യമേഖലയാണ്. ദമ്മാമും ജിദ്ദയുമാണ് തൊട്ടുപിന്നിൽ. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മെഡിക്കൽ സേവനങ്ങൾ രാജ്യത്തെ 26 മേഖലകളിലും പുരോഗമിക്കുകയാണെന്നും അൽഖൗഫി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം