സൗദിയിൽ വ്യാപക പരിശോധന തുടരുന്നു; 21,000ലേറെ പ്രവാസികൾ പിടിയിൽ
പിടിയിലായത് 12,200 താമസ നിയമലംഘകരും 5,600 അതിർത്തി സുരക്ഷാ ലംഘകരും 3,400 തൊഴിൽ നിയമലംഘകരുമാണ്.
റിയാദ്: സൗദിയിൽ വിവിധ നിയമലംഘകരായ വിദേശികളെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധന കർശനമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ച കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് 21,000-ലധികം പേരെയാണ് പിടികൂടിയത്. ഇവരിൽ 12,200 താമസ നിയമലംഘകരും 5,600 അതിർത്തി സുരക്ഷാ ലംഘകരും 3,400 തൊഴിൽ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 34 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരിൽ 15,300 പുരുഷന്മാരും 2,226-ലധികം സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 10,000-ലധികം നിയമലംഘകരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,400 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്.
Read Also - വിദേശിയുടെ കൈവശം കോടിക്കണക്കിന് രൂപ വിലയുള്ള 85 കിലോ മയക്കുമരുന്ന്; വിൽപ്പന ലക്ഷ്യമിട്ടു, കുവൈത്തിൽ പിടിയിൽ
അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തും. പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം