യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ബുധനാഴ്ച രാത്രി 7 മണി വരെ കാറ്റിന് സാധ്യതയുണ്ട്.
അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. ദുബൈ-അല്‍ ഐന്‍ റോഡിലും അല്‍ ഐനിലെ മസകിനിലും മഴക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് വരും ദിവസങ്ങളിലും അല്‍ ഐനില്‍ മിതമായതോ തീവ്രത കൂടിയതോ ആയ മഴ ലഭിക്കും. അബുദാബിയിലും മഴയ്ക്ക് സാധ്യതയുണ്ട്. യുഎഇയിലുടനീളം താപനിലയില്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് കുറവുണ്ടാകും. കാലാവസ്ഥ കണക്കിലെടുത്ത് ഇന്ന് (ഓഗസ്റ്റ് 6) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനുമുള്ള സാധ്യത പരിഗണിച്ചാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കിഴക്ക്, തെക്ക് പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 7 മണി വരെ കാറ്റിന് സാധ്യതയുണ്ട്.