ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണം സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ
ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ഖത്തർ ഇൻകാസ് പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ അദ്ധ്യക്ഷനായിരുന്നു.
ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനമായ ജൂലൈ 18ന് ഇൻകാസ് ഖത്തർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഐസിസി അശോകാ ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഖത്തറിലെ സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖരും, സംഘടനാ പ്രതിനിധികളും, ഇൻകാസ് കുടുബാംഗങ്ങളും പങ്കെടുത്തു.
ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ഖത്തർ ഇൻകാസ് പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ അദ്ധ്യക്ഷനായിരുന്നു. തിങ്ങി നിറഞ്ഞ അശോകാ ഹാളിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഇൻകാസ് ഖത്തർ നിർമ്മിച്ച ഡോക്യുമെൻ്റെറിയുടെ പ്രദർശനം നടത്തി. പങ്കെടുത്തവരെല്ലാം മെഴുകുതിരി തെളിയിച്ച് അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു. ചടങ്ങിലുടനീളം ഉയര്‍ന്ന മുദ്രാവാക്യം വിളികൾ ഉമ്മൻ ചാണ്ടി എന്ന നേതാവ് എത്രമേൽ ആഴത്തിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു എന്നതിൻ്റെ നേർക്കാഴ്ചയായി.
മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം തുറമുഖം തുടങ്ങി കേരളത്തിലെ വൻകിട വികസനങ്ങളെല്ലാം തന്നെ ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായിരുന്നു എന്നദ്ദേഹം പറഞ്ഞു. വികസനത്തെയും കരുതലിനെയും ഒരുമിച്ചു കൊണ്ടുപോയ നേതാവും ഭരണാധികാരിയുമായിരുന്നു ഉമ്മൻ ചാണ്ടി. കേരളത്തിൻ്റെ മുഖഛായ മാറ്റിയ വൻകിട പദ്ധതികൾക്കു നല്കിയ അതേ ശ്രദ്ധ അദ്ദേഹം സാധാരണക്കാരൻ്റെ പ്രശ്നങ്ങൾക്കും അവരുടെ ക്ഷേമത്തിനും നല്കിയിരുന്നു. യഥാർത്ഥത്തിൽ ആർക്കും എപ്പോഴും എത്തിച്ചേരാൻ കഴിയുമായിരുന്ന, അധികാരത്തിൻ്റെ ആടയാഭരണങ്ങളൊന്നും ഇല്ലാതിരുന്ന ഒരു പച്ചയായ മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
Read Also - പ്രവാസികൾക്ക് തിരിച്ചടിയായി കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം; വിദേശി എഞ്ചിനീയർമാരെ ബാധിക്കും
ഭരണ രംഗത്തായാലും രാഷ്ട്രീയ രംഗത്തായാലും തീരുമാനങ്ങളെടുക്കുമ്പോൾ മറുഭാഗത്തു നിൽക്കുന്നവരുടെ കൂടി അഭിപ്രായങ്ങൾ കേൾക്കുവാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. പാർട്ടിയും അതു കഴിഞ്ഞാൽ പുതുപ്പള്ളി മണ്ഡലവുമായിരുന്നു അദ്ദേഹത്തിന് പ്രധാനം. ഒരു പക്ഷെ കുടുംബം പോലും അടുത്തതായേ വന്നിരുന്നുള്ളൂ. പാർട്ടിയിൽ വിഭിന്ന ആശയങ്ങൾ ഉണ്ടായപ്പോഴെല്ലാം അദ്ദേഹം കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി ശക്തമായി നിലകൊള്ളുമായിരുന്നെങ്കിലും പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ ലംഘിക്കുവാൻ അദ്ദേഹം ഒരിക്കലും തുനിഞ്ഞിട്ടില്ല. പാർട്ടിക്ക് ദോഷം സംഭവിക്കുന്ന ഒന്നിലും അദ്ദേഹം പങ്കാളി ആയിരുന്നില്ല. അവസാന കാലത്ത് അദ്ദേഹത്തിനെതിരെ വളരെ മോശവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ എതിരാളികൾ ഉയർത്തിക്കൊണ്ടു വന്നപ്പോഴും, അതിലൊന്നും പതറാതെ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയാണ് അദ്ദേഹം ചെയ്തത്. സത്യം ഒരുകാലത്ത് തെളിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു, അത് തന്നെയാണ് കാലം തെളിയിച്ചതും. അദ്ദേഹത്തിനെതിരായി വന്ന ഓരോ ആരോപണങ്ങളും തികച്ചും തെറ്റായിരുന്നെന്നും കാലം തെളിയിച്ചു. അവസാനം അദ്ദേഹത്തിന് എതിരായി വന്ന ഏറ്റവും നിന്ദ്യവും ഹീനവുമായ ആരോപണവും തെറ്റായിരുന്നുവെന്ന സിബിഐ റിപ്പോർട്ട് വായിച്ചതിൻ്റെ മൂന്നാം ദിവസമാണ് അദ്ദേഹം നമ്മോട് യാത്ര പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത രീതിയിൽ അദ്ദേഹത്തിന് കേരളം നല്കിയ യാത്രാമൊഴി, ഒരു പക്ഷെ അദ്ദേഹത്തോട് കേരള ജനതയുടെ ക്ഷമാപണമായിരുന്നിരിക്കാമെന്നും സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു. ഐസിസി പ്രസിഡന്റ് ഏ. പി. മണികണ്ഠൻ, ഐ. സി. ബി. എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ. എസ്. സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാൻ, പ്രവാസി ഭാരതിയ സമ്മാൻ അവാർഡ് ജേതാവ് ഡോ. മോഹൻ തോമസ്, കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ഈസ്സ, സംസ്കൃതി ഖത്തർ പ്രസിഡന്റ് സാബിത് സഹീർ, പ്രവാസി വെൽഫയർ ആൻഡ് കൾച്ചറൽ ഫോറം പ്രസിഡന്റ് ചന്ദ്രമോഹൻ പിള്ള, സമന്വയം പ്രസിഡൻ്റ് സതീഷ് വിളവിൽ, കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, ഇൻകാസ് ഖത്തർ ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഉപദേശക സമിതി അംഗം കെ കെ ഉസ്മാൻ, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, കെ വി ബോബൻ, എബ്രഹാം കെ ജോസഫ്, പ്രദീപ് പിള്ള തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതാക്കളും വിവിധ ജില്ലാ ഭാരവാഹികളും, വനിതാ വിംഗ് - യൂത്ത് വിംഗ് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നല്കി. താജുദ്ദീൻ ചീരക്കുഴി സ്വാഗതവും ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു.