നഷ്ടമായത് 1,75,000 ഒമാനി റിയാൽ; നാടുവിട്ട മലയാളി ജീവനക്കാരനെ കാത്ത് 14 വർഷമായി ഒമാനി പൗരൻ
പണം തിരികെ നൽകാമെന്ന് സമ്മതിച്ച്, നോട്ടറി ഒപ്പിട്ട് അന്നെഴുതിയ കരാറും ഇപ്പോഴും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. പക്ഷെ ഒന്നും നടന്നില്ല.
ദുബൈ: സ്റ്റീവ് എന്നാണ് മുഹമ്മദ് ഹമദ് അൽ ഗസാലി കാത്തിരിക്കുന്ന മലയാളിയുടെ പേര്. ഒമാനിലെ ഇദ്ദേഹത്തിന്റെ മണി എക്സേചേഞ്ച് ബ്രാഞ്ച് മാനേജരായിരുന്നു 2009 ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെയുള്ള 6 മാസം. ഇതിനിടയിൽ ഇടപാടിനായി വന്ന ഒന്നേമുക്കാൽ ലക്ഷം ഒമാനി റിയാൽ കാണാതായി. ഇന്ത്യൻ രൂപയിൽ ഇന്നത്തെ മൂന്നേമുക്കാൽ കോടിയിലധികം. ചുമതലയുണ്ടായിരുന്ന സ്റ്റീവിന് കൃത്യമായ മറുപടിയുണ്ടായില്ല. പൊലീസ് കേസായി, കോടതിയിലെത്തി, പക്ഷെ സ്റ്റീവിനെ കാണാതായി. പാസ്പോർട്ട് കൈയിലെടുത്തിട്ടുമില്ല.
സ്റ്റീവ് നാട്ടിലെത്തിയെന്ന് മുഹമ്മദ് ഹമദ് അൽ ഗസാലിക്ക് വിവരംകിട്ടി. 2012ൽ എറണാകുളത്തെത്തി കണ്ടുപിടിച്ചു. പണം തിരികെ നൽകാമെന്ന് സമ്മതിച്ച്, നോട്ടറി ഒപ്പിട്ട് അന്നെഴുതിയ കരാറും ഇപ്പോഴും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. പക്ഷെ ഒന്നും നടന്നില്ല.
ഇന്റർപോൾ വരെ ഇടപെട്ട കേസിൽ, നിലവിൽ ക്രൈബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. കേസെടുത്ത് അന്വേഷിക്കുന്നുണ്ടെങ്കിലും അറസ്റ്റ് നടന്നിട്ടില്ല. ചില രേഖകൾ കൂടി ലഭിക്കാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് ഹമദ് ഗസ്സാലി ചുമതലപ്പെടുത്തിയ ദൂതൻ കേസിന്റെ ഏകോപനത്തിനായി നടക്കുന്നുണ്ടെങ്കിലും നടപടികൾ നീങ്ങുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
സംഭവം നടക്കുമ്പോൾ 48 വയസായിരുന്ന മുഹമ്മദ് ഹമദ് അൽ ഗസാലിക്ക് ഇന്ന് 58 കഴിഞ്ഞു. കാത്തിരിക്കുന്നത് മറ്റൊന്നിനുമല്ല, ആ പണം തിരികെ നൽകി തന്റെ തൊഴിലാളിയായിരുന്ന സ്റ്റീവ് തെറ്റു തിരുത്തണം. അത്രമാത്രം. സർക്കാരുകൾക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്ന തിരിച്ചറിവിൽ കാത്തിരിപ്പ് തുടരുകയാണ് അദ്ദേഹം.
സ്റ്റീവിനെ ബന്ധപ്പെടാൻ ഞങ്ങൾ ശ്രമിച്ചു. നൽകിയ നമ്പരുകളിൽ ഒന്നും പ്രവർത്തിക്കുന്നില്ല. മലയാളികളെ, ഇന്ത്യക്കാരെ വിശ്വസിക്കാൻ അന്ന് ഇദ്ദേഹത്തിനൊരു കാരണമുണ്ടായിരുന്നു. ഇന്നും ആ ധാരണയിൽ മാറ്റമൊന്നുമില്ല. പക്ഷെ ഒരൊറ്റയാളുടെ തെറ്റിൽ മുറിവേൽക്കുന്നത് ഈ വിശ്വാസത്തിനാണ്.