പൊള്ളുന്ന ചൂടിന് വിട, ഒമാനിൽ ഖരീഫ് കാലാവസ്ഥയ്ക്ക് തുടക്കം; സഞ്ചാരികളെ വരവേൽക്കാൻ 90 ദിവസത്തെ സലാല ഫെസ്റ്റിവൽ
കേരളത്തിലെ മൺസൂൺ കാലാവസ്ഥക്ക് സമാനമായ മഴയും തണുപ്പും അനുഭവപ്പെടും എന്നതാണ് ഖരീഫ് കാലാവസ്ഥയുടെ പ്രത്യേകത.
മസ്കറ്റ്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഖരീഫ് കാലാവസ്ഥ ആരംഭിച്ചു. കേരളത്തിലെ മൺസൂൺ കാലാവസ്ഥക്ക് സമാനമായ മഴയും തണുപ്പും അനുഭവപ്പെടും എന്നതാണ് ഖരീഫ് കാലാവസ്ഥയുടെ പ്രത്യേകത.
മറ്റു ജിസിസി രാജ്യങ്ങളും ഒമാന്‍റെ വടക്കൻ പ്രദേശങ്ങളും വേനലിൽ ചുട്ടുപഴുക്കുമ്പോൾ, സലാലയിലെ ഈ കാലാവസ്ഥ സഞ്ചാരികളെ ആകർഷിക്കുന്നു. ദോഫാർ ഗവർണറേറ്റിലെ പർവത നിരകളിലും താഴ്വരകളിലും ഇടമുറിയാതെ ചാറ്റൽ മഴ പെയ്യും. താപനില 22 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുന്ന ഖരീഫ് കാലാവസ്ഥ ആസ്വദിക്കാൻ നിരവധി സന്ദർശകർ ഇവിടെ എത്താറുണ്ട്. പച്ചപ്പ് നിറഞ്ഞ മലകളും നിറഞ്ഞൊഴുകുന്ന അരുവികളും തണുത്ത കാലാവസ്ഥയുമുള്ള പ്രകൃതിയുടെ വിസ്മയമാണ് വിനോദ സഞ്ചാരികളെ സലാലയിലേക്ക് ആകർഷിക്കുന്നത്. രാജ്യത്തിന് അകത്ത് നിന്നും യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ സന്ദർശകർ ഖരീഫ് ആസ്വദിക്കുവാൻ സലാലയിൽ എത്തുന്നത്.
ഈ വർഷം ദോഫാർ നഗരസഭ 90 ദിവസം നീണ്ടു നിൽക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഖരീഫ് കാലത്തോട് അനുബന്ധിച്ച് ദോഫാർ നഗരസഭയും ഒമാൻ വിനോദ സഞ്ചാര മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവൽ കാണാനും നിരവധി ആളുകള്‍ എത്താറുണ്ട്. രാജ്യത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ, പൈതൃക ചന്തകൾ, വ്യത്യസ്ത കരകൗശല വസ്തുക്കൾ, ഒമാനി സംസ്‌കാരവുമായി ബന്ധപ്പെട്ട തത്സമയ കലാപരിപാടികൾ, ഉത്പന്നങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ടൂറിസം ഫെസ്റ്റിവലിലൂടെ നഗരസഭ ലക്‌ഷ്യം വയ്ക്കുന്നത്.
ആദ്യമായി ദോഫാർ അന്താരാഷ്ട്ര തിയേറ്റർ ഫെസ്റ്റിവൽ സലാല ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. സാഹിത്യ സാംസ്‌കാരിക മേഖലകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര നാടക സംഘങ്ങൾ നാടകം അവതരിപ്പിക്കും. ഒമാനി, അറബ് കലകാരന്മാരുടെ പരിപാടികളും ഉണ്ടാകും. സലാലയിലും മറ്റ് പ്രവിശ്യകളിലും വ്യത്യസ്ത സാംസ്‌കാരിക, വാണിജ്യ, വിനോദ, കായിക പരിപാടികളും എക്‌സിബിഷനുകളും നഗരസഭ ഒരുക്കിയിട്ടുണ്ട്. സെപ്തംബർ 21 വരെയാണ് സലാലയിൽ ഖരീഫ് കാലാവസ്ഥ അനുഭവപ്പെടുക.