ഒമാനില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ യുവാവിനെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു
രാജ്യത്ത് മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സമയങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന അറിയിപ്പ് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ വീണ്ടും നല്‍കിയിട്ടുണ്ട്.
മസ്‍കത്ത്: ഒമാനില്‍ ശക്തമായ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ യുവാവിനെ സിവില്‍ ഡിഫന്‍സ് അധികൃതരെത്തി രക്ഷപ്പെടുത്തി. സഹം വിലായത്തിലായിരുന്നു സംഭവം. യുവാവിന്റെ ആരോഗ്യ നില തൃപ്‍തികരമാണെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന സഹം വിലായത്തിലെ ഒരു വാദിയിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. രാജ്യത്ത് മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സമയങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന അറിയിപ്പ് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ വീണ്ടും നല്‍കിയിട്ടുണ്ട്. വെള്ളം നിറഞ്ഞ വാദികള്‍ വാഹനങ്ങളിലും കാല്‍നടയായും മുറിച്ച് കടക്കരുതെന്നാണ് നിര്‍ദേശം. ജീവന്റെ സുരക്ഷിത്വം എപ്പോഴും ശ്രദ്ധയിലുണ്ടാകണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. വാഹനത്തില്‍ വാദി മുറിച്ചുകടക്കാന്‍ ശ്രമിക്കവെ അപകടത്തില്‍പെട്ട ഒരു യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. ഇയാളുടെ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read also: ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി; നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
ഒമാനില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍
മസ്‍കത്ത്: ഒമാനില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച് സാഹസിക അഭ്യാസം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കനത്ത മഴയില്‍ നിറഞ്ഞൊഴുകുകയായിരുന്ന വാദിയിലേക്കാണ് ഇയാള്‍ ബോധപൂര്‍വം വാഹനം ഓടിച്ച് ഇറക്കിയത്. സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനാണ് അധികൃതരുടെ നടപടി.
റുസ്‍തഖില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് ബോധപൂര്‍വം വാഹനം ഓടിച്ചിറക്കുന്ന ഇയാള്‍ക്ക് അല്‍പദൂരം മൂന്നോട്ട് പോയപ്പോള്‍ തന്നെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രദേശത്തെ നാട്ടുകാര്‍ ഉടന്‍ തന്നെ രംഗത്തിറങ്ങുകയും യുവാവിനെ രക്ഷിക്കുകയും ചെയ്‍തു. വാഹനം പിന്നീട് റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
റുസ്‍തഖ് ഗവര്‍ണറേറ്റിലെ വാദി ബനീ ഗാഫിര്‍ ഏരിയയില്‍ വെള്ളക്കെട്ടിലേക്ക് വാഹനം ഓടിച്ചിറക്കിയ യുവാവിനെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്‍തുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. വാഹനം വെള്ളത്തില്‍ കുടുങ്ങുകയും ഇയാളെ നാട്ടുകാര്‍ രക്ഷിക്കുകയും ചെയ്‍തുവെന്നും ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Read also: അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒമാന്‍ അധികൃതര്‍
സൗദി അറേബ്യയുടെ തെക്കൻ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, രിജാല്‍ അല്‍മാ, നമാസ്, തരീബ്, തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്ത്, അല്‍അംവാഹ്, ബല്ലസ്മര്‍, ഹൈമ, ബല്ലഹ്മര്‍ തുടങ്ങിയ പ്രദേശളിലെല്ലാം മഴ തുടരുന്നു.
അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയതാണ്. അബഹയുടെ വടക്ക് ഭാഗത്ത് ബനീ മാലിക് ഗ്രാമത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ റശൂദ് അല്‍ഹാരിസി പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
Read also: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റിലായി