54-ാമത് ദേശീയ ദിനമാഘോഷിച്ച് ഒമാൻ; രാജ്യത്ത് രണ്ടു ദിവസം പൊതു അവധി
സൈനിക പരേഡിൽ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് സല്യൂട്ട് സ്വീകരിച്ചു.
മസ്കറ്റ്: ഒമാന്‍റെ 54-ാമത് ദേശീയ ദിനം ആഘോഷമാക്കി രാജ്യം. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ബിൻ തൈമൂർ അൽ സെയ്ദ് അൽ സമൗദ് ക്യാമ്പിൽ നടന്ന സൈനിക പരേഡിൽ നിന്നും സലൂട്ട് സ്വീകരിച്ചു. റോയൽ ആർമി ഓഫ് ഒമാൻ (RAO),റോയൽ എയർഫോഴ്‌സ് ഓഫ് ഒമാൻ (RAFO),റോയൽ നേവി ഓഫ് ഒമാൻ (RNO),റോയൽ ഗാർഡ് ഓഫ് ഒമാൻ (RGO), സുൽത്താൻ്റെ സ്പെഷ്യൽ ഫോഴ്സ് എന്നീ യൂണിറ്റുകൾ പരേഡിൽ പങ്കെടുത്തു.
രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, എസ്എഎഫ് കമാൻഡർമാർ, സൈനിക, സുരക്ഷാ സേവനങ്ങളുടെ കമാൻഡർമാർ, അറബ്, വിദേശ രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങളുടെ മേധാവികൾ എന്നിവർ സൈനിക പരേഡിൽ പങ്കെടുത്തു. ഒമാൻ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ഷൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, മുതിർന്ന സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ, വിരമിച്ച ഉദ്യോഗസ്ഥർ, പൗരന്മാർ എന്നിവരും സൈനിക പരേഡ് കാണാന്‍ എത്തിയിരുന്നു.
Read Also - സൗദി അറേബ്യയിൽ മികച്ച തൊഴിലവസരം; നിരവധി ഒഴിവുകൾ, റിക്രൂട്ട്മെന്‍റ് ഉടൻ, ഇപ്പോൾ അപേക്ഷിക്കാം
ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള രാജാക്കന്മാർ, നേതാക്കൾ, കിരീടാവകാശികൾ, രാഷ്ട്രത്തലവന്മാർ, സംഘടനകൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവര്‍ ഭരണാധികാരി ഹൈതം ബിൻ താരിക്കിന് ആശംസകൾ നേര്‍ന്നു. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ ജന്മദിനമായ നവംബർ പതിനെട്ടിന് ആണ് ഒമാൻ ദേശിയ ദിനമായി കൊണ്ടാടുന്നത്.
രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ ആഘോഷങ്ങൾക്ക് തുടക്കമായി. ദേശീയ ദിനത്തോട് അനുബന്ധിച്ച് 174 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി പൊതുമാപ്പ് നല്കി വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. ദേശിയ ദിനം പ്രമാണിച്ച് ഈ മാസം 21 , 22 തീയതികളിൽ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം