ന്യൂനമർദ്ദം; ഇന്ന് മുതല്‍ ഒമാനിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഇന്ന് മുതല്‍ ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 

Oman braces for isolated heavy rain from tuesday

മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 24 ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 26 വ്യാഴാഴ്ച വരെ രാജ്യത്ത് പലയിടങ്ങളിലും ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ മാറ്റങ്ങളുണ്ടാകുമെന്നാണ് അറിയിപ്പ്.

ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച വരെ മഴമേഘങ്ങള്‍ രൂപപ്പെടാനും മുസന്ദം, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ് ഉള്‍പ്പെടെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇടവിട്ടുള്ള മഴ പെയ്യാനും സാധ്യതയുണ്ട്. 5-15 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. കാറ്റ് ശക്തമാകുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യും. വ്യാഴാഴ്ചയും കനത്ത മഴ തുടരും. മുസന്ദം, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ്, സൗത്ത് ശര്‍ഖിയ, ദാഖിലിയയുടെ വിവിധ ഭാഗങ്ങള്‍, അല്‍ ഹാജര്‍ മലനിരകള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ചയും മഴ പ്രതീക്ഷിക്കുന്നുണ്ട്. 

Read Also - ഒമാനിൽ ശൈത്യകാലം ആരംഭിച്ചു; താപനിലയിൽ കാര്യമായ കുറവ്, ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ച

മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാം. ദൂരക്കാഴ്ച കുറയും. കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്. സൈഖില്‍ 6.2 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. യാന്‍ബുളിലും തുമൈറാത്തില്‍ 8.9 ഡിഗ്രി സെല്‍ഷ്യസും മുഖ്ഷിനില്‍  9.1 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഏര്‍ലി വാണിങ് സെന്‍റര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios