പ്രവാസി മലയാളികൾക്ക് സന്തോഷ വാര്‍ത്ത; തിരുവനന്തപുരത്തേക്ക് സര്‍വീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി പ്രമുഖ എയര്‍ലൈൻ

ജനുവരി 31 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്.

oman air to increase services to trivandrum

മസ്കറ്റ്: തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍റെ ദേശീയ വിമാന കമ്പനി ഒമാന്‍ എയര്‍. ജനുവരി 31 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. ഞായര്‍, ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ നടത്തുക. 

ശരാശരി 100 റിയാലിനടുത്താണ് ടിക്കറ്റ് നിരക്ക്. ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ തിരുവനന്തപുരം സെക്ടറില്‍ സര്‍വീസ് തുടങ്ങിയതോടെ ഒമാന്‍ എയര്‍ ഈ റൂട്ടില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. തിരുവനന്തപുരത്തിന് പുറമെ ലഖ്നോവിലേക്കും ഒമാന്‍ എയര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

അതേസമയം സിയാല്‍കോട്ടിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇസ്‌ലാമാബാദ്, ലാഹോര്‍, കൊളംബോ, ചിറ്റാഗോഗ് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് ട്രാബ്‌സോണിലേക്കും ശൈത്യകാലത്ത് സൂറിക്, മാലി സെക്ടറുകളിലേക്കും സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരത്തേക്ക് മസ്‌കത്തില്‍ നിന്നും ഒമാന്‍ എയറിന് പുറമെ എയര്‍ ഇന്ത്യ എക്‌സ്പ്രസും സലാം എയറും നിലവില്‍ സര്‍വീസ് നടത്തിവരുന്നുണ്ട്.

Read Also -  33 ലക്ഷം രൂപ വരെ ശമ്പളം, ആനുകൂല്യങ്ങൾ! ഉദ്യോഗാര്‍ത്ഥികളേ ഇത് വമ്പൻ ഓഫര്‍; വിദേശത്തേക്ക് പറക്കാം, യോഗ്യതയറിയാം

നേരിട്ടുള്ള പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, മൂന്ന് സര്‍വീസുകൾ

പൂനെ: പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദില്‍ നിന്ന് സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലേക്കാണ് പുതിയ നേരിട്ടുള്ള സര്‍വീസ്. 

ഈ റൂട്ടില്‍ ആഴ്ചയില്‍ നേരിട്ടുള്ള മൂന്ന് സര്‍വീസുകളാകും ഉണ്ടാകുക. അടുത്തിടെ ഹൈദരാബാദിനെയും ദമ്മാമിനെയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസിനും എയര്‍ ഇന്ത്യ എക്സ്പ്രസ് തുടക്കമിട്ടിരുന്നു. ഇതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഹൈദരാബാദില്‍ നിന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കും സര്‍വീസായി. ജിദ്ദയിലേക്കും ദമ്മാമിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ നേരത്തേയുണ്ട്. ഹൈദരാബാദ്-റിയാദ് റൂട്ടില്‍ സര്‍വീസുകള്‍ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. 

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് ഉച്ചയ്ക്ക് 12:05ന് പുറപ്പെടുന്ന വിമാനം സൗദി സമയം വൈകുന്നേരം മൂന്നു മണിക്ക് റിയാദിലെത്തും. വൈകുന്നേരം നാലു മണിക്ക് സൗദിയില്‍ നിന്ന് തിരിച്ചുപറക്കുന്ന വിമാനം രാത്രി 11ന് ഹൈദരാബാദില്‍ ഇറങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും മറ്റ് പ്രധാന ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios