സൗദിയില്‍ കൊവിഡ് മുക്തരാകുന്നവര്‍ക്ക് 1500 റിയാല്‍ സമ്മാനമെന്ന് പ്രചാരണം; പ്രതികരിച്ച് അധികൃതര്‍
അസീര്‍ ആരോഗ്യ ഡയറക്ടറേറ്റിന്റെ ലോഗോയുള്ള ഒരു ബാഗില്‍ നിന്ന് സാനിറ്റൈസര്‍ ബോട്ടിലിനും ചോക്ലേറ്റുകള്‍ക്കുമൊപ്പം 1500 റിയാല്‍ പുറത്തെടുക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്.
ജിദ്ദ: സൗദി അറേബ്യയില്‍ കൊവിഡ് മുക്തരാകുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പണം ലഭിച്ചതായുള്ള പ്രചാരണങ്ങളോട് പ്രതികരിച്ച് അസീര്‍ മേഖലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ച് വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിച്ചത്.
അസീര്‍ ആരോഗ്യ ഡയറക്ടറേറ്റിന്റെ ലോഗോയുള്ള ഒരു ബാഗില്‍ നിന്ന് സാനിറ്റൈസര്‍ ബോട്ടിലിനും ചോക്ലേറ്റുകള്‍ക്കുമൊപ്പം 1500 റിയാല്‍ പുറത്തെടുക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് മടങ്ങുന്ന ആളുകള്‍ക്ക് നല്‍കുന്ന സമ്മാനം എന്ന രീതിയിലാണ് വീഡിയോ ഉള്‍പ്പെടെ പ്രചരിച്ചത്. എന്നാല്‍ അസീര്‍ മേഖലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്ത നിഷേധിച്ചു. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അസീര്‍ ഹെല്‍ത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതായി 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.