യുഎഇയിലെ പ്രവാസികള്‍ക്ക് വിസ പുതുക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും
വിസാ കാലാവധി സ്വമേധയാ ദീര്‍ഘിപ്പിക്കാനുള്ള മുന്‍തീരുമാനങ്ങള്‍ യുഎഇ ക്യാബിനറ്റ് റദ്ദാക്കിയ ശേഷം ജൂലൈ 12 മുതല്‍ വിസ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് സ്വീകരിക്കുന്നുണ്ട്.
ദുബൈ: മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12 വരെയുള്ള കാലയളവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിസ പുതുക്കാനോ രാജ്യം വിടാനോ ഉള്ള സമയപരിധി ഒക്ടോബര്‍ പത്തിന് അവസാനിക്കും. ഇതിന് ശേഷം ഓവര്‍സ്റ്റേ ഫൈന്‍ അടയ്‍ക്കേണ്ടിവരുമെന്നാണ് ആമര്‍ സെന്ററുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.
വിസാ കാലാവധി സ്വമേധയാ ദീര്‍ഘിപ്പിക്കാനുള്ള മുന്‍തീരുമാനങ്ങള്‍ യുഎഇ ക്യാബിനറ്റ് റദ്ദാക്കിയ ശേഷം ജൂലൈ 12 മുതല്‍ വിസ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് സ്വീകരിക്കുന്നുണ്ട്. മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12ന് ഇടയ്ക്ക് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കുന്നതിനുള്ള ഗ്രേസ് പീരിഡാണ് ഒക്ടോബര്‍ പത്തിന് അവസാനിക്കുന്നത്.
വിസ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് പുതിയ തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധാരണ പോലെ ഒരു മാസത്തെ സമയം ലഭിക്കും. അല്ലെങ്കില്‍ ഈ സമയപരിധിക്കുള്ളില്‍ രാജ്യം വിടാം. ടൂറിസ്റ്റ് വിസയിലേക്ക് മാറാനും സാധിക്കുമെങ്കിലും ഇതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ അനുമതി വേണം. കാലാവധി അവസാനിച്ചാല്‍ ആദ്യ ദിവസത്തേക്ക് 125 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസും 25 ദിര്‍ഹവുമാണ് ഓവര്‍സ്റ്റേ ഫൈന്‍. കൊവിഡ് കാരണം ജോലി നഷ്ടമായ നിരവധിപ്പേര്‍ ഇതിനോടകം നാട്ടിലേക്ക് മടങ്ങുകയോ മറ്റ് ജോലികള്‍ അന്വേഷിക്കാനായി ടൂറിസ്റ്റ് വിസയിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്.