‘നൂർ റിയാദ്’ ആഘോഷം നവംബർ 28 മുതൽ; 18 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും
പരിപാടിയില്‍ 18 രാജ്യങ്ങളിൽ നിന്നുള്ള അറുപതിലേറെ കലാകാരന്മാർ പങ്കെടുക്കും.
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ‘റിയാദ് ആർട്ട് പ്രോഗ്രാമിന്‍റെ’ പരിപാടികളിലൊന്നായ ‘നൂർ റിയാദ്’ ആഘോഷം നാലാം പതിപ്പ് ഈ മാസം 18 മുതൽ ആരംഭിക്കും. 18 രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം കലാകാരന്മാർ പങ്കെടുക്കും. സൗദി ക്യൂറേറ്റർ ഡോ. ഇഫത്ത് അബ്ദുല്ല ഫദഖ്, ഇറ്റാലിയൻ ക്യൂറേറ്റർ ഡോ. ആൽഫ്രെഡോ ക്രാമെറോട്ടി എന്നിവർ മേൽനോട്ടം വഹിക്കും. അബ്ദുറഹ്മാൻ താഹ, ആതാർ അൽഹർബി, യൂസുഫ് അൽ അഹമ്മദ്, നാസർ അൽ തുർക്കി, സഉൗദ് അൽ ഹുവൈദി, മറിയം ത്വാരിഖ് തുടങ്ങിയ 18 പ്രമുഖ സൗദി കലാകാരന്മാരുടെ സൃഷ്ടികളും ആഘോഷത്തിൽ ഉൾപ്പെടും.
ഓസ്‌ട്രേലിയ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്‌സ്, പോളണ്ട്, ദക്ഷിണ കൊറിയ, സ്‌പെയിൻ, യു.കെ, യു.എ.ഇ, യു.എസ് എന്നിവിടങ്ങളിൽനിന്നുള്ള 43 അന്തർദേശീയ കലാകാരന്മാർക്കൊപ്പമാണ് സൗദി കലാകാരന്മാർ അണിനിരക്കുന്നത്. അന്തർദേശീയ കലാകാരന്മാരിൽ ജുകാൻ ടാറ്റീസ്, തകാഷി യസുര, കിംചി ആൻഡ് ചിപ്‌സ്, ലാച്‌ലാൻ തുർക്‌സാൻ, സ്റ്റെഫാനോ കാജോൾ, തകയുക്കി മോറി എന്നിവർ ഉൾപ്പെടും.
ഡിസംബർ 14 വരെ ആഘോഷം നീണ്ടുനിൽക്കും. ബത്ഹക്ക് സമീപം മുറബ്ബയിലെ കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻറർ, നഗരത്തോട് ചേർന്നുള്ള വാദി ഹനീഫ, ദറഇയയിലെ ജാക്സ് ഡിസ്ട്രിക്റ്റ് എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ഈ കേന്ദ്രങ്ങളിൽ സാംസ്കാരികവും സർഗാത്മകവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങളും കലാപരമായ പരിപാടികളും ഉണ്ടാകും. കൂടാതെ സന്ദർശകർക്ക് സവിശേഷവും അസാധാരണവുമായ അനുഭവം സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്ന നിരവധി വിനോദ പരിപാടികളും ഗൈഡഡ് ടൂറുകളും ആഘോഷത്തിൽ ഉൾപ്പെടും.