അടിയന്തര ചികിത്സക്ക് ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതിക്ക് കാത്തിരിക്കേണ്ട; വ്യക്തമാക്കി സൗദി അധികൃതര്‍
500 റിയാലില്‍ കുറവ് ചെലവ് വരുന്ന ചികിത്സക്കും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് മുന്‍കൂട്ടി അപ്രൂവല്‍ നേടല്‍ നിര്‍ബന്ധമല്ല.
റിയാദ്: ചികിത്സ നടത്തേണ്ട അടിയന്തിര സാഹചര്യമുണ്ടാവുമ്പോള്‍ ഇൻഷുറൻസ് കമ്പനിയുടെ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു. രോഗിയെ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് ഇൻഷുറൻസ് കമ്പനിയുടെ അപ്രൂവൽ കിട്ടാൻ ആശുപത്രികളും മെഡിക്കൽ ക്ലിനിക്കുകളും കാത്തിരിക്കാറുണ്ട്. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ അതിെൻറ ആവശ്യമില്ലെന്നാണ് കൗൺസിൽ വ്യക്തമാക്കിയത്.
500 റിയാലില്‍ കുറവ് ചെലവ് വരുന്ന ചികിത്സക്കും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് മുന്‍കൂട്ടി അപ്രൂവല്‍ നേടല്‍ നിര്‍ബന്ധമല്ല. ആദ്യ തവണ ഡോക്ടര്‍ പരിശോധിച്ച് 14 ദിവസത്തിനുള്ളില്‍ സൗജന്യമായി തന്നെ വീണ്ടും ഡോക്ടറെ കാണാന്‍ ആരോഗ്യ ഇൻഷുറൻസിെൻറ ഗുണഭോക്താവിന് അർഹതയുണ്ട്. രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് പാലിക്കപ്പെടുന്നതിന്‍റെ നിരക്ക് ഏകദേശം 90 ശതമാനമായി. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ആകെ ഇൻഷുർ ചെയ്ത ആളുകളുടെ എണ്ണം 1.209 കോടിയാണ്. ഇതിൽ സൗദി പൗരരുടെ എണ്ണം 41.1 ലക്ഷവും വിദേശികൾ 79.7 ലക്ഷവുമാണ്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ ലൈസൻസുള്ളതും ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ അംഗീകരിച്ചതുമായ കേന്ദ്രങ്ങളിൽ വിദൂരമായി സംവിധാനത്തിലൂടെ നൽകുന്ന ആരോഗ്യ പരിരക്ഷാസേവനങ്ങൾ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുമെന്നും കൗൺസിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം