നിമിഷപ്രിയയുടെ മോചനം: മാനുഷിക പരിഗണനയിൽ ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥൻ
ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥൻ നിലപാട് വ്യക്തമാക്കിയത്.
ദില്ലി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥൻ നിലപാട് വ്യക്തമാക്കിയത്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു.
അതേ സമയം, നിമിഷ പ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തൻ സാമുവൽ ജെറോം പ്രതീക്ഷ പങ്കുവെച്ചിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരിയ യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കുമെന്നും ആയിരുന്നു സാമുവൽ ജെറോമിന്റെ വാക്കുകൾ.
പ്രസിഡൻറ് ശിക്ഷ ശരിവച്ചാലും കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം സ്വീകരിച്ച് മാപ്പു നല്കാനുള്ള അവകാശമുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിൽ തുടരുകയാണ്. കേന്ദ്രസർക്കാറും കേരള സർക്കാറും കൈകോർത്ത് മകളെ രെക്ഷിക്കാൻ ഇടപെടണമെന്ന് പ്രേമകുമാരി അഭ്യർത്ഥിച്ചിരുന്നു
ദയാധനം അടക്കമുള്ള കാര്യങ്ങളിൽ തലാലിന്റെ കുടുംബം ഇപ്പോഴും ഒത്തുതീർപ്പിലേക്കെത്താൻ തയ്യാറായിട്ടില്ല. 2017ലാണ് നിമിഷപ്രിയ യെമൻ സ്വദേശി കൊല്ലപ്പെട്ട കേസിൽ ജയിലിലാകുന്നത്. നഴ്സായ നിമിഷപ്രിയയ്ക്കൊപ്പം ക്ലിനിക്ക് നടത്തുന്നതിൽ പങ്കാളിയായിരുന്നു കൊല്ലപ്പെട്ട തലാൽ. 2018ലാണ് കോടതി വധശിക്ഷ വിധിക്കുന്നത്.