അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകളില്‍ മാറ്റം; മടങ്ങിവരുന്ന പ്രവാസികള്‍ക്കും ബാധകം
യുഎഇ പൗരന്മാര്‍ക്കും രാജ്യത്തേക്ക് മടങ്ങിവരുന്നവരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഇത് ബാധകമാണ്. പരിശോധനാ ഫലം വന്ന് 48 മണിക്കൂറിനകം അബുദാബിയില്‍ പ്രവേശിക്കാം.
അബുദാബി: അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി. നവംബര്‍ എട്ട് ഞായറാഴ്‍ച മുതല്‍ പി.സി.ആര്‍ പരിശോധനയിലോ ലേസര്‍ അധിഷ്‍ഠിത ഡി.പി.ഐ പരിശോധനയിലോ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ച് 48 മണിക്കൂറിനകം അബുദാബിയില്‍ പ്രവേശിച്ചിരിക്കണം.
യുഎഇ പൗരന്മാര്‍ക്കും രാജ്യത്തേക്ക് മടങ്ങിവരുന്നവരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും ഇത് ബാധകമാണ്. പരിശോധനാ ഫലം വന്ന് 48 മണിക്കൂറിനകം അബുദാബിയില്‍ പ്രവേശിക്കാം. നാല് ദിവസമോ അതില്‍ കൂടുതലോ അവിടെ തങ്ങുകയാണെങ്കില്‍ നാലാമത്തെ ദിവസം വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം. അബുദാബിയില്‍ പ്രവേശിച്ച ദിവസം ഉള്‍പ്പെടെയാണ് ഇതിനായി കണക്കാക്കുന്നത്. എട്ട് ദിവസത്തില്‍ കൂടുതല്‍ അബുദാബിയില്‍ താമസിക്കുന്നവര്‍ എട്ടാം ദിവസം വീണ്ടും കൊവിഡ് പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാകണം.
അബുദാബിയിലെത്തി ആറാം ദിവസം പി.സി.ആര്‍ പരിശോധന നടത്തണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം. പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നതോടെ ഇത് അസാധുവാകും. രാജ്യത്ത് പ്രവേശിച്ച് നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന നടത്താത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.
പുതിയ നിബന്ധന ഉദാഹരണ സഹിതം വിവരിച്ചാല്‍, ഞായറാഴ്‍ച അബുദാബിയില്‍ പ്രവേശിച്ച്, നാല് ദിവസം അവിടെ തങ്ങുന്ന ഒരാള്‍ ബുധനാഴ്‍ച വീണ്ടും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. എട്ട് ദിവസം അബുദാബിയില്‍ താമസിച്ചാല്‍ ബുധനാഴ്‍ചക്ക് പുറമെ അടുത്ത ഞായറാഴ്ച കൂടി പരിശോധന നടത്തേണ്ടി വരും. കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് പുതിയ നീക്കമന്ന് അധികൃതര്‍ പറഞ്ഞു. പി.സി.ആര്‍ പരിശോധനക്ക് 150 മുതല്‍ 250 ദിര്‍ഹം വരെയാണ് നിരക്ക്. അതേസമയം ഡി.പി.ഐ ടെസ്റ്റിന് 50 ദിര്‍ഹം മാത്രമാണ് ചെലവ്.
കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണങ്ങളുടെ ഭാഗമായി വാക്സിന്‍ സ്വീകരിച്ചവരെയും അത്യാവശ്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്സിന്‍ എടുക്കുന്ന പദ്ധതിയുടെ ഭാഗമായി വാക്സിന്‍ സ്വീകരിച്ചവര്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമല്ല. ഇവര്‍ക്ക് എമര്‍ജന്‍സി വാഹനങ്ങള്‍ക്കായുള്ള പ്രത്യേക ലേന്‍ ഉപയോഗിച്ച് പ്രയാസമില്ലാതെ കടന്നുപോകാം.