രണ്ട് ഹൈ-സ്പീഡ് ചാർജറുകൾ; റിയാദിൽ അതിവേഗ വാഹന ചാർജിങ് സ്റ്റേഷൻ തുറന്നു
പുതിയ സ്റ്റേഷൻ രണ്ട് ഹൈ-സ്പീഡ് ചാർജറുകളോട് കൂടിയതാണ്. ഒന്ന് 300 കിലോ വാട്ടും മറ്റൊന്ന് 150 കിലോ വാട്ടുമാണ്.
റിയാദ്: റിയാദിലെ അൽ ഖൈറവാൻ ഡിസ്ട്രിക്റ്റിൽ അതിവേഗ വാഹന ചാർജിങ് സ്റ്റേഷൻ തുറന്നു. മേഖലയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്ത് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല നിർമിക്കുന്നതിൽ വിദഗ്ദ്ധരായ ‘ഇവിക്യൂ’ എന്ന കമ്പനിയാണ് പുതിയ സ്റ്റേഷൻ തുറന്നത്.
പുതിയ സ്റ്റേഷൻ രണ്ട് ഹൈ-സ്പീഡ് ചാർജറുകളോട് കൂടിയതാണ്. ഒന്ന് 300 കിലോ വാട്ടും മറ്റൊന്ന് 150 കിലോ വാട്ടുമാണ്. ഓരോന്നിനും ഒരേസമയം രണ്ട് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയും. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനുമുള്ള രാജ്യത്തിെൻറ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന വേഗതയേറിയതും കാര്യക്ഷമവുമായ ചാർജ്ജിങ് അനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത്ര ശേഷിയുള്ള ആൽപിട്രോണിക് ചാർജറുകളുള്ള മിഡിൽ ഈസ്റ്റിലെ ആദ്യ സ്ഥലമായാണ് ഖൈറവാനിലെ സ്റ്റേഷൻ കണക്കാക്കപ്പെടുന്നത്. വൈദ്യുത വാഹന ചാർജിങ് മേഖലയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നൽകുന്നതിനുള്ള ‘ഇവിക്യൂ’െൻറ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.