മൂന്ന് മാസം മുമ്പ് കുഴഞ്ഞുവീണ് മരിച്ച പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു
റോഡിലൂടെ നടന്നുപോവുന്നതിനിടെ നസീര്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാതിരുന്നതിനാല്‍ ആരാണെന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല.
ദുബൈ: മൂന്ന് മാസം മുമ്പ് കുഴഞ്ഞുവീണ് മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തൃശൂര്‍ കയ്പമംഗലം ചളിങ്ങാട് മതിലകത്ത് വീട്ടില്‍ പരേതനായ മുഹമ്മദിന്റെയും നബീസയുടെയും മകന്‍ നസീറിന്റെ (48) മൃതദേഹമാണ് മൂന്ന് മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. ഒന്‍പത് മാസം മുമ്പ് സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തിയ നസീര്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 20നാണ് മരിച്ചത്.
റോഡിലൂടെ നടന്നുപോവുന്നതിനിടെ നസീര്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാതിരുന്നതിനാല്‍ ആരാണെന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. വിരലടയാളം ശേഖരിച്ച് ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ത്യക്കാരനാണെന്ന് കണ്ടെത്തിയതോടെ ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ്, ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ സഹായം തേടുകയായിരുന്നു. നസീര്‍ നടത്തിയ അന്വേഷണത്തിലാണ് വിലാസം കണ്ടെത്തി ബന്ധുക്കളെ വിവരമറിയിക്കാന്‍ സാധിച്ചത്.
നാട്ടില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന നസീര്‍, ദുബൈയില്‍ ജോലി തേടിയാണ് സന്ദര്‍ശക വിസയില്‍ എത്തിയത്. ഭാര്യ - ഷീബ. മക്കള്‍ - മുഹമ്മദ് അമീന്‍, അംന. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് നസീര്‍ വാടാനപ്പള്ളി പറഞ്ഞു.
Read also: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി