കൊവിഡ്: ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 86 മലയാളികള്‍; 24 മണിക്കൂറിനിടെ 6000ത്തിലധികം പേര്‍ക്ക് രോഗം
വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും ദോഹയില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് സര്‍വീസുകള്‍.
അബുദാബി: ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6487പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 137,706 ആയി. 86 മലയാളികളടക്കം 693 പേരാണ് ഇതുവരെ ഗള്‍ഫ് നാടുകളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
സൗദി അറേബ്യയില്‍ 54,752 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 312 പേര്‍ മരിച്ചു. ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം 32,604ആയി. 15 മരണങ്ങളാണ് കൊവിഡ് മൂലം ഖത്തറില്‍ ഉണ്ടായിട്ടുള്ളത്. കുവൈത്തില്‍ 14,850 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 112 പേര്‍ മരണപ്പെട്ടു. 6,956 പേര്‍ക്കാണ് ബഹ്‌റൈനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ മരിച്ചു. ഒമാനില്‍ 5,186 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇവിടെ കൊവിഡ് മൂലമുള്ള മരണസംഖ്യ 22 ആയി.
അതേസമയം വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും ദോഹയില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് സര്‍വീസുകള്‍. അബുദാബി-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് ഉച്ചതിരിഞ്ഞ് പ്രാദേശികസമയം 3.15-ന് പുറപ്പെടും. ദോഹ-കോഴിക്കോട് വിമാനം ഉച്ചതിരിഞ്ഞ് 3.35-നാണ് പുറപ്പെടുക. ഗര്‍ഭിണികള്‍, രോഗികള്‍, വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെ 360 യാത്രക്കാരാണ് ഇന്ന് നാട്ടിലെത്തുന്നത്. അബുദാബിയില്‍ കൊവിഡ്-19ദ്രുത പരിശോധനയും തെര്‍മല്‍ സ്‌കാനിങ്ങും ഉണ്ടാകും. അതേസമയം, ദോഹയില്‍ തെര്‍മല്‍ സ്‌കാനിങ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.