അബുദാബിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 20തിലേറെ പേര്‍ക്ക് കൊവിഡ്
വിവാഹ സല്‍ക്കാര സ്ഥലത്ത് സാമൂഹിക അകലം പാലിക്കാതിരുന്നതാണ് കൊവിഡ് ബാധിക്കാന്‍ കാരണമായതെന്ന് അബുദാബി പൊതുജനാരോഗ്യ സംരക്ഷണ കേന്ദ്രം അറിയിച്ചു.
അബുദാബി: വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഇതുപതിലധികം പേര്‍ക്ക് അബുദാബിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 'എമിറാത്ത് അല്‍ യോമി'നെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസാ'ണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
വിവാഹ സല്‍ക്കാര സ്ഥലത്ത് സാമൂഹിക അകലം പാലിക്കാതിരുന്നതാണ് കൊവിഡ് ബാധിക്കാന്‍ കാരണമായതെന്ന് അബുദാബി പൊതുജനാരോഗ്യ സംരക്ഷണ കേന്ദ്രം അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വിവാഹ സല്‍ക്കാരം നടന്ന കുടുംബത്തിലെ ഒരു വ്യക്തി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു. മരണപ്പെട്ടയാളുടെ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാകാത്ത സഹോദരനില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്.
ഇതിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് മകളുടെ വിവാഹ നിശ്ചയ ചടങ്ങിനോടനുബന്ധിച്ച് ഈ കുടുംബം സല്‍ക്കാരം നടത്തിയത്. എന്നാല്‍ ഇവിടെ സാമൂഹിക അകലം പാലിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് ശേഷം കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും സല്‍ക്കാരത്തില്‍ പങ്കെടുത്ത അയല്‍ക്കാര്‍ക്കും ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ പ്രകടമാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.