വരുമോ വൻ മാറ്റം, നാലര ദിവസം പ്രവൃത്തി ദിനം? നിലവിലെ വാരാന്ത്യ അവധി ദിവസങ്ങള്‍ മാറ്റുവാന്‍ നിര്‍ദ്ദേശം
ഡോ. അലി അല്‍ നുഐമിയുടെ നേതൃത്വത്തില്‍ അഞ്ച് എംപിമാര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശം പാര്‍ലമെന്‍റിന് മുമ്പാകെ വെച്ചത്.
മനാമ ബഹ്റൈനില്‍ നിലവിലെ വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങള്‍ മാറ്റുന്നതിന് നിര്‍ദ്ദേശം. ഇതിന് പകരം വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്തു. വെള്ളിയാഴ്ച പകുതി സമയം പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാനുമാണ് ശുപാര്‍ശ.
ഡോ. അലി അല്‍ നുഐമിയുടെ നേതൃത്വത്തില്‍ അഞ്ച് എംപിമാര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശം പാര്‍ലമെന്‍റിന് മുമ്പാകെ വെച്ചത്.
ബഹ്റൈനില്‍ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ് നിര്‍ദ്ദേശം. ഇത് അവലോകനം ചെയ്യുന്നതിനായി പാര്‍ലമെന്‍റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം നിയമനിര്‍മ്മാണ, നിയമകാര്യ സമിതിക്ക് കൈമാറി. അംഗീകാരം ലഭിച്ചാല്‍ രണ്ടര ദിവസം അവധി ലഭിക്കും. യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ എന്നീ രാജ്യങ്ങളില്‍ നിലവില്‍ ഈ രീതിയാണ് ഉള്ളത്. ആഗോള വിപണിക്ക് അനുസൃതമായി സമ്പദ്വ്യവസ്ഥയെ മാറ്റുന്നതിന്‍റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. ശനി, ഞായര്‍ അവധി ആകുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക, വ്യാപാര ഇടപാടുകള്‍ സുഗമമാക്കുന്നതിന് കൂടുതല്‍ ഗുണകരമാണെന്നാണ് എംപിമാര്‍ വിലയിരുത്തുന്നത്.
Read Also - ഡോളര്‍ 'അടുത്തെങ്ങുമില്ല', മുന്നേറി ഗൾഫ് കറൻസി; പത്താമത് ഡോളര്‍, ശക്തമായ കറന്‍സികളുടെ ഫോബ്സ് പട്ടിക പുറത്ത്
വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിനോദ കേന്ദ്രങ്ങളിലേക്ക് സൗജന്യ പാസ്; ഓഫര്‍ പ്രഖ്യാപിച്ച് പ്രമുഖ എയര്‍ലൈന്‍
ദുബൈ: വിമാന ടിക്കറ്റെടുത്താല്‍ രണ്ടുണ്ട് കാര്യം, യാത്രയും ചെയ്യാം പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുള്ള സൗജന്യ പാസും ലഭിക്കും. ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചത്. യാത്രക്കാര്‍ക്ക് എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാസുകളാണ് സൗജന്യമായി ലഭിക്കുന്നത്.
എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ മാര്‍ച്ച് 31 ന് മുമ്പ് യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, അറ്റ്ലാന്‍റിസ് അക്വാവെഞ്ച്വര്‍ എന്നിവ സന്ദര്‍ശിക്കാനുള്ള സൗജന്യ പാസ് നല്‍കുന്നത്. എട്ടു മണിക്കൂറില്‍ കൂടുതല്‍ ദുബൈയില്‍ സ്റ്റോപ്പ് ഓവറുള്ള യാത്രക്കാര്‍ക്കും ഈ സൗജന്യം ഉപയോഗിക്കാം. ഫെബ്രുവരി ഒന്ന് വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍. ഈ ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം.
എന്നാല്‍ വണ്‍-വേ ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കില്ല. എമിറേറ്റ്സിന്‍റെ emirates.com എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ EKDXB24 എന്ന കോഡ് ഉപയോഗിക്കണം. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് ഒരു കോഡും അറ്റ്ലാന്‍റിസ് അക്വാവെഞ്ച്വറിനായി മറ്റൊരു കോഡുമാണ് കമ്പനി നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...