വിവാഹ വാഗ്ദാനം നല്‍കി ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ബ്ലാക്മെയിലിങ്; യുവാവിന് ശിക്ഷ വിധിച്ച് കോടതി
യുവാവിനെ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് യുവതിയുടെ ബന്ധുക്കള്‍ വഴി വിവാഹാലോചന നടത്തി. എന്നാല്‍ തന്റെ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും കിട്ടിക്കഴിഞ്ഞതോടെ ഇയാളുടെ മറ്റൊരു മുഖമാണ് വെളിവായതെന്ന് യുവതി പറഞ്ഞു.
കുവൈത്ത് സിറ്റി: വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത യുവാവിന് കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവ്. ഇയാള്‍ 5000 കുവൈത്തി ദിനാര്‍ പിഴ അടയ്ക്കണമെന്നും ഉത്തരവിലുണ്ട്. കേസില്‍ നേരത്തെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി കഴിഞ്ഞ ദിവസം അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.
യുവതിയുടെ പരാതി ലഭിച്ചതോടെയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. ചോദ്യം ചെയ്തപ്പോള്‍, യുവതിയുടെ ഐ ക്ലൗഡ് ഇ-മെയില്‍ അക്കൗണ്ടില്‍ പ്രവേശിച്ച് ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയെന്ന് ഇയാള്‍ സമ്മതിച്ചു. ഇവ ഉപയോഗിച്ചായിരുന്നു ഭീഷണി. ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്താതിരിക്കണമെങ്കില്‍ ആഭരണങ്ങളും, വിലകൂടിയ വാച്ചുകളും 20,000 ദിനാറും നല്‍കണമെന്നായിരുന്നു ആവശ്യം.
യുവാവിനെ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് യുവതിയുടെ ബന്ധുക്കള്‍ വഴി വിവാഹാലോചന നടത്തി. എന്നാല്‍ തന്റെ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും കിട്ടിക്കഴിഞ്ഞതോടെ ഇയാളുടെ മറ്റൊരു മുഖമാണ് വെളിവായതെന്ന് യുവതി പറഞ്ഞു. പിന്നീട് വിവാഹ നിശ്ചയത്തിന് താത്പര്യമില്ലെന്ന് അറിയിച്ച പ്രതി, സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു.
ശല്യം ഒഴിവാക്കാനായി ആഭരണങ്ങളും പണവും യുവതി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നെയും ഭീഷണി തുടര്‍ന്നതോടെ യുവതി തന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. കുടുംബാംഗങ്ങളാണ് നിയമ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. നിയമ വിരുദ്ധമായി യുവതിയുടെ ഫോണിലെ വിവരങ്ങള്‍ കൈക്കലാക്കുകയായിരുന്നു പ്രതിയെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
യുവതി അനുഭവിച്ച മാനസിക സംഘര്‍ഷത്തിനും മറ്റ് നഷ്ടങ്ങള്‍ക്കും പകരമായി നഷ്ടപരിഹാരം വേണമെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രതിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ഇനി സിവില്‍ കോടതിയില്‍ നടപടി തുടരും.
Read also: ലഗേജില്‍ ഒളിപ്പിച്ച രാസവസ്‍തു വിമാനത്തില്‍ പൊട്ടിയൊഴുകി; പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ