യുഎഇയില്‍ വീട്ടുജോലിക്കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രവാസിക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ
ബ്ലഡ് മണി സ്വീകരിക്കാന്‍ മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ തയ്യാറായതിനാല്‍ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു.
ദുബൈ: ദുബൈയില്‍ വീട്ടു ജോലിക്കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ. 54 വയസുകാരനായ പ്രവാസിയാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഇയാളില്‍ നിന്ന് നിയമപരമായ ബ്ലഡ് മണി സ്വീകരിക്കാന്‍ മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ തയ്യാറായതിനാല്‍ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. ജീവപര്യന്തം തടവിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ശിക്ഷ 15 വര്‍ഷമാക്കി കുറച്ചത്.
ഇപ്പോഴത്തെ വിധി അന്തിമമാണെന്ന് പരമോന്നത കോടതിയുടെ ഉത്തരവില്‍ പറയുന്നു. തടഞ്ഞുവെയ്‍ക്കല്‍, മര്‍ദനം എന്നിവയ്‍ക്ക് പുറമെ സ്‍ത്രീയെ ഉപദ്രവിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. മര്‍ദനം കാരണം ഗുരുതരാവസ്ഥയിലായ സ്‍ത്രീ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് മരണപ്പെട്ടത്.
2019 ഒക്ടോബറിലാണ് വീട്ടുജോലിക്കാരി പ്രതിയുടെ വീട്ടില്‍ എത്തുന്നത്. ആറ് മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഇയാള്‍ ക്രൂരമായ ഉപദ്രവം തുടങ്ങി. പലതവണ ശാരീരിക ഉപദ്രവമേറ്റ് ഒടുവില്‍ ഒരു ദിവസം അവര്‍ ബോധരഹിതയായി വീണു. ഇതോടെ പ്രതി തന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജോലിക്കാരിയെ തടഞ്ഞുവെച്ചതിനും അവരെ ശാരീരികയും മാനസികവുമായി ഉപദ്രവിച്ചതിനുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസെടുത്തത്.
ആറ് മാസത്തോളം പ്രതി, വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചുവെന്നാണ് അനുമാനം. വിചാരണയ്‍ക്കൊടുവില്‍ ഇയാള്‍ക്ക് കോടതി വധ ശിക്ഷ വിധിച്ചു. എന്നാല്‍ പ്രതിയില്‍ നിന്ന് ബ്ലഡ് മണി സ്വീകരിച്ച് വധ ശിക്ഷ ഒഴിവാക്കി നല്‍കാന്‍ മരണപ്പെട്ട വീട്ടുജോലിക്കാരിയുടെ കുടുംബം തയ്യാറായി. ഇതോടെ കോടതി, വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവാക്കി മാറ്റി. ജീവപര്യന്തം തടവിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ശിക്ഷ 15 വര്‍ഷമാക്കി കുറച്ചത്. ഇപ്പോഴത്തെ വിധി കേസില്‍ അന്തിമമാണ്.
Read also: ദുബൈയില്‍ പാരാഗ്ലൈഡിങിനിടെ അപകടം; ഒരാള്‍ മരിച്ചു