സോഷ്യല്‍ മീഡിയയിലെ 'വ്യാജ ഡോക്ടര്‍' സൗദി അറേബ്യയില്‍ അറസ്റ്റില്‍
മെഡിക്കല്‍ രംഗത്തെ ഒരു ശാഖയിലും ഇയാള്‍ക്ക് വിദ്യാഭ്യാസ യോഗ്യതകളില്ലെന്നും ചികിത്സ നടത്താനോ ആളുകള്‍ക്ക് വൈദ്യ ഉപദേശങ്ങള്‍ നല്‍കാനോ, സൗദിയിലെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ അനുവദിക്കുന്ന നിയമപരമായ ഒരു രേഖയും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
റിയാദ്: സോഷ്യല്‍ മീഡിയയിലൂടെ ചികിത്സ നിര്‍ദേശിക്കുകയും രോഗികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്‍ത 'വ്യാജ ഡോക്ടറെ' സൗദി അധികൃതര്‍ അറസ്റ്റ് ചെയ്‍തു. ഇയാള്‍ക്ക് രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ യോഗ്യതകളോ ലൈസന്‍സോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രോഗികളെ ചികിത്സിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക വഴി, ചികിത്സ ആവശ്യമുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
വ്യാജ ഡോക്ടറുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം നടത്തിയ വിശദമായ അന്വേഷണമാണ് ഇയാളുടെ അറസ്റ്റില്‍ കലാശിച്ചത്. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുടങ്ങിയ ഇയാള്‍ അതിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചികിത്സാ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതായി അധികൃതര്‍ കണ്ടെത്തി. മെഡിക്കല്‍ രംഗത്തെ ഒരു ശാഖയിലും ഇയാള്‍ക്ക് വിദ്യാഭ്യാസ യോഗ്യതകളില്ലെന്നും ചികിത്സ നടത്താനോ ആളുകള്‍ക്ക് വൈദ്യ ഉപദേശങ്ങള്‍ നല്‍കാനോ, സൗദിയിലെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ അനുവദിക്കുന്ന നിയമപരമായ ഒരു രേഖയും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
മതിയായ ലൈസന്‍സില്ലാതെ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചും, ചികിത്സ നല്‍കുമെന്ന് വാഗ്ദാനം ചെയ്‍തും സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒപ്പം ചികിത്സാ നിയമങ്ങളും രാജ്യത്തെ വൈദ്യ ചികിത്സ സംബന്ധിച്ചുള്ള ഉത്തരവുകളും ലംഘിച്ചതിനും സാമ്പത്തിക തട്ടിപ്പുകള്‍ക്കും വിശ്വാസ വഞ്ചനയ്‍ക്കും വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനും കുറ്റം ചുമത്തിയിട്ടുണ്ട്.
വിചാരണയ്‍ക്കായി പ്രതിയെ കോടതിയിലേക്ക് കൈമാറുന്നതിന് മുമ്പുള്ള നിയമനടപടികള്‍ പൂര്‍ത്തിക്കാക്കിക്കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ബദ്ധശ്രദ്ധരാണെന്നും അതിന് ഭീഷണിയാവുന്ന തരത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.