Asianet News MalayalamAsianet News Malayalam

പൂക്കളമൊരുക്കിയും സദ്യയുണ്ടും ടോഗോ മലയാളികളുടെ ഓണാഘോഷം; മുഖ്യാതിഥിയായി ഇന്ത്യൻ അംബാസഡർ

ഓണസദ്യയ്ക്കൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപടികളും കായിക മത്സരങ്ങളും ആഫ്രിക്കൻ വംശജർ അവതരിപ്പിച്ച കേരളീയ നൃത്തകലാ വിരുന്നും ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി. വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങൾ ആവേശം കൊള്ളിച്ചു.

Malayalis in Togo celebrated Onam festival with TIMA and WMF togo
Author
First Published Oct 2, 2024, 8:26 AM IST | Last Updated Oct 2, 2024, 8:26 AM IST

ടോഗോ: പൂക്കളമൊരുക്കിയും സദ്യയുണ്ടും ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ മലയാളികളുടെ ഹൃദ്യമായ ഓണാഘോഷം.  വേൾഡ് മലയാളി ഫെഡറേഷൻ ടോഗോയുടെയും ടോഗോ ഇന്ത്യൻ മലയാളി അസോസിയേഷന്റെയും നേതൃത്വത്തിലാണ് ഞായറാഴ്ച വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പൂക്കളവും നിറപറയും നിലവിളക്കും മഹാബലി തമ്പുരാന്റെ രൂപവും വിവിധ ഓണക്കളികളുമെല്ലാം മറുനാട്ടിലും കേരളത്തിന്റെ ഓർമ നിറച്ചുവെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.  

ഞായറാഴ്ച രാവിലെ ടോഗോ മലയാളം മിഷൻ വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ ടോഗോയിലെ ഇൻഡ്യൻ അംബാസഡർ സഞ്ജീവ് താണ്ടൻ മുഖ്യാതിഥിയായിരുന്നു.  എംബസിയിലെ മറ്റ് ജീവനക്കാർക്കൊപ്പം ടോഗോയിലെ പ്രമുഖ ഡോക്ടർമാരായ ഡോ. ഫിയാജൂ , ഡോ. എഗ്ഗാ എന്നിവരും പങ്കെടുത്തു. വഞ്ചിപ്പാട്ടിന്റെയും വാദ്യ മേളത്തിന്റെയും അകമ്പടിയോടെയായിരുന്നു അതിഥികളെ സ്വീകരിച്ചത്. വേൾഡ് മലയാളി ഫെഡറേഷൻ ടോഗോയിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂട്ടിയിണക്കി തയ്യാറാക്കിയ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു.

ഓണസദ്യയ്ക്കൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപടികളും കായിക മത്സരങ്ങളും ആഫ്രിക്കൻ വംശജർ അവതരിപ്പിച്ച കേരളീയ നൃത്തകലാ വിരുന്നും ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി. വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങൾ ആവേശം കൊള്ളിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത. വേൾഡ് മലയാളി ഫെ‍ഡറേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായിരുന്ന ആൽഫാ കമ്മോടിറ്റീസിന് മൊമെന്റോ നൽകി ആദരിച്ചു.

വേൾഡ് മലയാളി ഫെഡറേഷൻ ടോഗോയുടെ നോർക്ക രജിസ്ട്രേഷൻ രേഖ അംബാസഡറിൽ നിന്ന് റീജിയനൽ കോർഡിനേറ്റർ ഗിരീഷ് ആർ ഉണ്ണിത്താൻ ഏറ്റുവാങ്ങി. അതോടൊപ്പം വേൾഡ് മലയാളി ഫെഡറേഷൻ പ്രിവിലേജ് കാർഡുള്ളവർക്ക് ടോഗോയിലെ ബിയാസ ഹോസ്പിറ്റലിലും ഇലെ ഗൈനക്കോളജി ക്ലിനിക്കിലും കിടത്തി ചികിത്സകൾക്ക് അഞ്ച് മുതൽ പത്ത് ശതമാനം വരെ നിരക്കിളവ് നൽകുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരിത ബാധിതകരെ സഹായിക്കാനുള്ള ധനസമാഹരണവും ആഘോഷത്തിന്റ ഭാഗമായി നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios