ബിഗ് ടിക്കറ്റ് ഇത്തവണയും മലയാളി തൂക്കി; പ്രവാസിക്ക് കിട്ടിയത് 70 കോടിയുടെ ഗ്രാന്റ് പ്രൈസ്
ആറ് വർഷമായി യുഎഇയിൽ താമസിക്കുന്ന യുവ പ്രവാസിയാണ് അബുദാബി ബിഗ് ടിക്കറ്റിലെ ഏറ്റവുമൊടുവിലെ വിജയിയായി മാറിയത്. ക്രിസ്മസ് പിറ്റേന്നെടുത്ത ടിക്കറ്റ് ജീവിതം തന്നെ മാറ്റിമറിച്ചു.
ബിഗ് ടിക്കറ്റ് ഇത്തവണയും മലയാളി തൂക്കി; പ്രവാസിക്ക് കിട്ടിയത് 70 കോടിയുടെ ഗ്രാന്റ് പ്രൈസ്
അബുദാബി: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും വിജയം മലയാളിക്ക് തന്നെ. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പിൽ മലയാളിയായ മനു മോഹനനാണ് 3 കോടി ദിർഹം (70 കോടിയിലേറെ ഇന്ത്യൻ രൂപ) വിജയിയായത്. ആറ് വർഷമായി യുഎഇയിൽ താമസിക്കുന്ന മനു നഴ്സായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷം ഡിസംബർ 26ന് എടുത്ത 535948 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ സമ്മാനം തേടിയെത്തിയത്.
സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബുഷ്റയും നറുക്കെടുപ്പ് വേദിയിൽ നിന്ന് മനു മോഹനനെ വിളിച്ചപ്പോൾ സന്തോഷ വാർത്ത വിശ്വസിക്കാനവാവാതെ അദ്ദേഹം വീണ്ടും വീണ്ടും ചോദിച്ചു. പിന്നീട് ബിഗ് ടിക്കറ്റിന് നന്ദി അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പതിനാറോളം സുഹൃത്തുക്കളുമായി ചേർന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്. കഴിഞ്ഞ മാസവും ഗ്രാന്റ് പ്രൈസ് മലയാളിക്ക് തന്നെയായിരുന്നു. അന്ന് വിജയിയായ അരവിന്ദ് അപ്പുക്കുട്ടനാണ് ഇത്തവണത്തെ ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്.
ഡ്രീം കാർ സീരിസ് 13 നറുക്കെടുപ്പിൽ പാകിസ്ഥാൻ പൗരനാണ് മസെറാട്ടി ഗിബ്ലി കാർ സമ്മാനമായി ലഭിച്ചത്. 031944 നമ്പർ ടിക്കറ്റിലൂടെ ശാകിറുള്ള ഖാൻ ആണ് വിജയിയായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം