മനുഷ്യക്കടത്ത് സംഘത്തിന്റെ ഇരയായ കൊല്ലം സ്വദേശിനിയെ ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടിരിക്കുന്നു
2021 നവംബര്‍ നാലിനാണ് ലത്തീഫാ ബീവി ദുബായിലെത്തിയത്. ദുബായിലെ ഏജന്റ് ഒന്നര മാസത്തിനു ശേഷം അവിടെ നിന്ന് മസ്കറ്റിലേക്ക് അയച്ചു. ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കായി എത്തിയ ലത്തീഫാ ബീവിയെ വയറ്റിൽ ഉണ്ടായ അസുഖത്തെ തുടർന്ന് കഫീൽ തിരിച്ചു ഓഫീസില്‍ കൊണ്ടാക്കുകയായിരുന്നു. ഇപ്പോൾ നാല് മാസമായി ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ്.
മസ്‍കത്ത്: മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പിനിരയായി ഒമാനിലെത്തിയ കൊല്ലം സ്വദേശിനിയെ അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി. വയറിനുള്ളിലെ മുഴകള്‍ മൂലം വേദന സഹിക്കാനാവുന്നില്ലെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും കൊല്ലം ചന്ദനത്തോപ്പ് ചാത്തിനാംകുളം കൊച്ചൊരിക്കരവിള വീട്ടിൽ ലത്തീഫാ ബീവി ഏഷ്യാനെറ്റ് ന്യൂസിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍ രണ്ടര ലക്ഷം രൂപ നല്‍കിയാലേ പാസ്‍പോര്‍ട്ട് മടക്കിത്തരികയൂള്ളൂ എന്നാണ് മാന്‍പവര്‍ ഏജന്റിന്റെ പ്രതികരണം.
"മസ്‌കറ്റിലെ ഒരു ഏജൻസി ഓഫീസിൽ എന്നെ പൂട്ടി ഇട്ടിരിക്കുകയാണ്. ഇപ്പോൾ 1,200 ഒമാനി റിയാലാണ് ഇവര്‍ ചോദിക്കുന്നത്. ഇതിനു മുമ്പ് 8,100 യുഎഇ ദിര്‍ഹംസ് ഇവരുടെ ദുബായ് ഓഫീസിൽ അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ 1,200 ഒമാനി റിയാല്‍ കൊടുക്കുകയാണെങ്കിൽ മാത്രമേ ഇവിടെ നിന്നും വിടുകയുള്ളുവെന്നും പറഞ്ഞാണ് പൂട്ടി ഇട്ടിരിക്കുന്നത്. എനിക്ക് തീരെ സുഖമില്ല'. ലത്തീഫാ ബീവി അയച്ച വോയിസ് മെസേജില്‍ പറയുന്നു.
മസ്‌കറ്റിലെ മൊബേലയിൽ ഒരു ഫ്ലാറ്റിൽ നാല് ശ്രീലങ്കൻ സ്ത്രീകളോടൊപ്പാണ് മാന്‍ പവര്‍ ഏജന്റ് ലത്തീഫാ ബീവിയെ പൂട്ടിയിട്ടിരിക്കുന്നത്. 2021 നവംബര്‍ നാലിനാണ് ലത്തീഫാ ബീവി ദുബായിലെത്തിയത്. ദുബായിലെ ഏജന്റ് ഒന്നര മാസത്തിനു ശേഷം അവിടെ നിന്ന് മസ്കറ്റിലേക്ക് അയച്ചു. ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കായി എത്തിയ ലത്തീഫാ ബീവിയെ വയറ്റിൽ ഉണ്ടായ അസുഖത്തെ തുടർന്ന് കഫീൽ തിരിച്ചു ഓഫീസില്‍ കൊണ്ടാക്കുകയായിരുന്നു. ഇപ്പോൾ നാല് മാസമായി ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ്.
വയറിനകത്ത് ഒൻപതു മുഴകളുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നില്ലെന്നും ലത്തീഫാ ബിവി പറഞ്ഞു. അസുഖം ഗുരുതരമായിക്കൊണ്ടിരിക്കുയാണ്. പണം ലഭിക്കാതെ നാട്ടുലേക്ക് വിടാന്‍ ഏജന്റ് തയ്യാറല്ല. എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്നാണ് ലത്തീഫാ ബീവിയുടെ ആവശ്യം. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിലും, നോർക്കയിലും മസ്കത്തിലെ ഇന്ത്യൻ എംബസിയിലും പരാതിപ്പെട്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിയില്ലെന്നും ലത്തീഫാ ബീവി അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
ഭർത്താവിന്റെ രോഗത്തെ തുടര്‍ന്ന് ചികിത്സക്കുള്ള പണം സമ്പാദിക്കാനായാണ് ലത്തീഫാ ബീവി ഗൾഫിൽ വീട്ടു ജോലിക്ക് തയ്യാറായത്. നാട്ടിലെ ഏജന്റുമാരായ മായ, ബിജു, യൂസഫ് എന്നിവരായിരുന്നു ഗള്‍ഫിലെത്തിച്ചത്. ഇവര്‍ക്കെതിരെ കൊല്ലം പൊലീസ് കമ്മീഷണർക്ക് പരാതി കൊടുത്തിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല. പകരം യൂസഫ് ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമാണ് ചെയ്തത്.
ജീവൻ നിലനിര്‍ത്താനായി ദിവസം ഒരു നേരം ചോറും ദാലും ലഭിക്കും. ഇതാണ് ആകെയുള്ള ആഹാരം. ആരോഗ്യ സ്ഥിതി ഓരോ ദിവസം കഴിയുന്തോറും ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നും ജീവൻ പോലും അപകടത്തിലാവുന്ന സ്ഥിതിയില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ലത്തീഫാ ബീവി വോയിസ് ക്ലിപ്പ് അയച്ചത്.
യുഎഇ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിന്റെ ഇരയാണ് ലത്തീഫ ബീവി. സന്ദർശന വിസയിൽ സ്ത്രീകളെ യുഎഇയിൽ എത്തിച്ച ശേഷം അവിടെ നിന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് യുഎഇയിലെ മാൻ പവർ ഏജൻസി ഓഫീസ് ചെയ്തു വരുന്നത്.
ധാരാളം സ്ത്രീകൾ ഇവരുടെ വഞ്ചനയുടെ ചതിക്കുഴിയിൽ വീഴുന്നുവെന്ന് ഒമാനിലെ ലോക കേരള സഭാ അംഗം ഷാജി സെബാസ്റ്റ്യൻ പറഞ്ഞു. അകപ്പെട്ടു പോയ സ്ത്രീകൾ ഇവിടെ ഇതുപോലെയുള്ള ഏജന്റുമാരുടെ അടുത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ഷാജി സെബാസ്റ്റ്യൻ വ്യക്തമാക്കി.
ജോലിക്കായി എത്തിക്കഴിഞ്ഞാൽ ഉടൻ തന്നെ പാസ്‍പോർട്ട് ഏജന്റുമാർ കൈക്കലാക്കും. പിന്നീടുള്ള ഇവരുടെ ദിനങ്ങൾ അതോടെ ദുഃസ്സഹമായി തീരും. ലത്തീഫാ ബീവിയുടെ കാര്യം മസ്കത്തിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടികളുമുണ്ടായിട്ടില്ലെന്നും അധികൃതർ അടിയന്തരമായി ഇങ്ങനെയുള്ള വിഷയങ്ങളിൽ ഇടപെടണമെന്നും ലോക കേരള സഭാ അംഗം ഷാജി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.