അപസ്മാരം യാത്ര മുടക്കി; ടിക്കറ്റുകൾ മാറിയെടുത്തെങ്കിലും ഫലമുണ്ടായില്ല, മലയാളി എയർപോർട്ടിൽ കുടുങ്ങിയത് ദിവസങ്ങൾ

ഓർക്കാപ്പുറത്ത് സ്പോൺസർ എക്സിറ്റ് അടിച്ചുള്ള യാത്രയായിരുന്നു. കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു ടിക്കറ്റ്. എമിഗ്രേഷൻ, ബോഡിങ് നടപടികൾ പൂർത്തിയാക്കി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അപസ്മാര ലക്ഷണങ്ങൾ കാണിച്ചത്.

malayali trapped in riyadh airport several days after he suffered from epilepsy

റിയാദ്: വിമാനത്തിൽ വെച്ച് അപസ്മാര ബാധയുണ്ടായതിനാൽ യാത്ര മുടങ്ങിയ മലയാളി ദിവസങ്ങളോളം റിയാദ് എയർപോർട്ടിൽ കുടുങ്ങി. ടിക്കറ്റുകൾ മാറിമാറിയെടുത്തെങ്കിലും ഒരു വിമാനക്കമ്പനിയും സ്വീകരിക്കാൻ തയാറായില്ല. ഒടുവിൽ സാമൂഹികപ്രവർത്തകർ ഇടപെട്ട് എട്ട് ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. എറണാകുളം സ്വദേശി സാജു തോമസിനാണ് (47) ഈ ദുരനുഭവം.

റിയാദിന് സമീപം റുവൈദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈ മാസം 12നാണ് നാട്ടിലേക്ക് പോകാൻ റിയാദ് എയർപോർട്ടിലെത്തിയത്. ഓർക്കാപ്പുറത്ത് സ്പോൺസർ എക്സിറ്റ് അടിച്ചുള്ള യാത്രയായിരുന്നു. കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു ടിക്കറ്റ്. എമിഗ്രേഷൻ, ബോഡിങ് നടപടികൾ പൂർത്തിയാക്കി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അപസ്മാര ലക്ഷണങ്ങൾ കാണിച്ചത്. ശാരീരികസ്വസ്ഥതകൾ പ്രകടിപ്പിച്ചു. പരിഭ്രാന്തിക്കിടയിൽ പല്ലുകൾ കടിച്ച് നാവ് മുറിഞ്ഞു, വായിൽ ചോരയും വന്നു. ഉടൻ വിമാനത്തിൽനിന്ന് പുറത്തിറക്കി പ്രാഥമ ശുശ്രൂഷ നൽകി. എമിഗ്രേഷൻ കഴിഞ്ഞതിനാൽ എയർപോർട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലായിരുന്നു.

ബന്ധുക്കളെ വിളിച്ചുപറഞ്ഞ് അടുത്ത വിമാനത്തിനുള്ള ടിക്കറ്റ് എത്തിച്ചു. പക്ഷേ വിമാനക്കമ്പനി സ്വീകരിക്കാൻ തയാറായില്ല. ടിക്കറ്റുകൾ മാറിമാറി എടുത്ത് അടുത്ത ദിവസങ്ങളിലും ശ്രമിച്ചു. ഒരു വിമാനക്കമ്പനിയും തയാറായില്ല. പുറത്തിറങ്ങാനും വയ്യ, യാത്രയും നടക്കുന്നില്ല. ടെർമിനലിനുള്ളിൽ തന്നെ കഴിയേണ്ട അവസ്ഥയിൽ സ്ഥിതിയാകെ വഷളായി. എവിടെയോ തലയിടിച്ച് വീണ് നെറ്റി മുഴക്കുകയും കണ്ണിന് മുകളിൽ രക്തം കട്ടപിടിച്ച് കൺപോള വീർത്ത് നീലിക്കുകയും ചെയ്തു. ഇത് കൂടിയായതോടെയാണ് വിമാന ജീവനക്കാർ സ്വീകരിക്കാൻ ഒട്ടും തയാറാവാതിരുന്നത്. നാലുദിവസമാണ് ടെർമിനലിനുള്ളിൽ കഴിഞ്ഞത്.

Read Also - ജോലി പോയ മലയാളി തൊഴിലാളികൾക്ക് ആശ്വാസം; ശമ്പള കുടിശ്ശികയും ആനുകൂല്യവുമടക്കം വൻതുക നല്‍കി തുടങ്ങി സൗദി കമ്പനി

വിവരമറിഞ്ഞ് സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവർ എയർപോർട്ടിലെത്തി ഉദ്യോഗസ്ഥരെ കണ്ട് അവരുടെ ജാമ്യത്തിൽ ആളെ പുറത്തിറക്കി. എമിഗ്രേഷൻ നടപടികൾ കാൻസൽ ചെയ്തു. ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ നൽകുകയും സി.ടി സ്കാനിങ് ഉൾപ്പെടെയുള്ള വിശദമായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. മാനസിക, ശാരീരിക പ്രശ്നങ്ങൾ ഇല്ലെന്ന് മനസ്സിലായി. ഒരു സഹായിയുണ്ടെങ്കിൽ കൊണ്ടുപോകാമെന്നായി വിമാനക്കമ്പനികൾ. അതുവരെയുള്ള നാലുദിവസം അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവർ ഏറ്റെടുത്ത് സ്വന്തം താമസസ്ഥലത്ത് കൊണ്ടുപോയി പരിചരിച്ചു. നല്ല ആരോഗ്യം വീണ്ടെടുത്തു. കൊച്ചി വരെ ഒപ്പം പോകാൻ ശിഹാബ് കൊട്ടുകാട് സന്നദ്ധനായി.

ഞായറാഴ്ച കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. ഇപ്പോൾ അദ്ദേഹം പൂർണാരോഗ്യവാനായെന്നും വളരെ ഉത്സാഹത്തോടെയാണ് എയർപോർട്ടിൽനിന്ന് ജ്യേഷ്ഠനോടൊപ്പം വീട്ടിലേക്ക് പോയതെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഷാനവാസ്, സലാം പെരുമ്പാവൂർ, ബോബി എന്നിവരും സഹായത്തിന് ഒപ്പമുണ്ടായിരുന്നു. നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ എയർ ഇന്ത്യ സൂപ്പർവൈസർ ജോസഫും ആവശ്യമായ സഹായം നൽകി.

 

ഫോട്ടോ: നെടുമ്പാശ്ശേരിയിലെത്തിയ സാജു തോമസ് സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ബോബി, എയർ ഇന്ത്യ സൂപ്പർവൈസർ ജോസഫ് എന്നിവരോടൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios