പരിപാടി മുടങ്ങി, പക്ഷേ ടെൻഷന് ഒടുവിൽ മലയാളിയുടെ 12 ലക്ഷത്തിന്റെ ഉപകരണം തിരികെ കിട്ടി, വിശദീകരണം ഇങ്ങനെ
ഉപകരണം കിട്ടിയതായി ഫാസിൽ ബഷീർ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എഐ 933 എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്.
ദുബൈ: എയർ ഇന്ത്യ യാത്രയ്ക്കിടെ നഷ്ടമായ മെൻ്റലിസ്റ്റ് കലാകാരൻ്റെ ഉപകരണങ്ങൾ കണ്ടെത്തി. മെൻ്റലിസ്റ്റ് കലാകാരൻ ഫാസിൽ ബഷീറിൻ്റെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ ബാഗേജ് ആണ് ഞായറാഴ്ച കാണാതായത്. ദുബൈ വിമാനത്താവളത്തിൽ നിന്നാണ് ബാഗേജ് കണ്ടെത്തിയത്. ബാഗേജ് ക്ലിയറൻസ് വിഭാഗത്തിലേക്ക് വരാതെ, കാർഗോ വിഭാഗത്തിലേക്ക് പോയെന്നാണ് വിശദീകരണം.
ഉപകരണം കിട്ടിയതായി ഫാസിൽ ബഷീർ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എഐ 933 എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. സാധാരണയിൽ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കൾ കയറ്റി അയക്കുന്ന ഒഒജി (ഔട്ട് ഓഫ് ദ ഗേജ് ) വഴിയാണ് ബാഗ് ഫാസിൽ കയറ്റിവിട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫാസില്‍ ഇക്കാര്യം ബാഗേജ് നഷ്ടപ്പെട്ട കാര്യം വെളിപ്പെടുത്തിയിരുന്നത്.
ദുബൈയിൽനിലമ്പൂർ ഫെസ്റ്റിന് പരിപാടി അവതരിപ്പിക്കാൻ എത്തിയതാണ് ഫാസിൽ ബഷീർ. ഇതിനാവശ്യമായ വസ്തുക്കളാണ് വിമാനത്തില്‍ കയറ്റി വിട്ടത്. എന്നാല്‍ ഇവ നഷ്ടമായതോടെ പരിപാടി മുടങ്ങിയിരുന്നു. ഏറ്റവും മോശമായ അനുഭവമാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഫാസിൽ ബഷീർ പറഞ്ഞിരുന്നു. ഏകദേശം 12 ലക്ഷത്തോളം രൂപ വിലവരുന്ന മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ വസ്തുക്കളാണ് ബാഗിനകത്ത് ഉണ്ടായിരുന്നത്.
കൊച്ചിയിൽ നിന്നും ബാഗ് ഫ്ലൈറ്റിൽ കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയർ ഇന്ത്യ ഓഫീസും ദുബൈയിൽ വന്ന ഫ്ലൈറ്റിൽ ആ ബാഗ് ഇല്ല എന്ന് ദുബായ് എയർ ഇന്ത്യ ഓഫീസും തമ്മിൽ തമ്മിൽ പറഞ്ഞു കബളിപ്പിച്ചുകൊണ്ടിരിക്കുക എന്നാണ് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. പരിപാടി മുടങ്ങിയെങ്കിലും വലിയ വില വരുന്ന ഉപകരണം തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഈ കലാകാരൻ.
ലോകം ആദരിച്ച വിജയത്തിന്‍റെ കൊടുമുടിയിൽ; ഇന്ത്യയെ ത്രസിപ്പിച്ച പ്രതിഭകളുടെ ശമ്പളം ഇങ്ങനെ!